'ജനങ്ങളുടെ സ്വകാര്യ ജീവിതത്തെ താറുമാറാക്കുന്നു'; ശൈശവ വിവാഹത്തിലെ പൊലീസ് നടപടിയില്‍ ഹൈക്കോടതി, വിമര്‍ശനം

ശൈശവ വിവാഹ കേസുകളില്‍ പോക്‌സോയും ബലാത്സംഗ കുറ്റവും ചുമത്തിയ നടപടി അങ്ങേയറ്റം വിചിത്രമാണെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹതി: ശൈശവ വിവാഹങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായുള്ള കൂട്ട അറസ്റ്റ് ജനങ്ങളുടെ സ്വകാര്യ ജീവിതത്തെ താറുമാറാക്കിയിരിക്കുകയാണെന്ന് ഗുവാഹതി ഹൈക്കോടതി. ഇത്തരം കേസുകളില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ശൈശവ വിവാഹ കേസുകളില്‍ പോക്‌സോയും ബലാത്സംഗ കുറ്റവും ചുമത്തിയ നടപടി അങ്ങേയറ്റം വിചിത്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ എല്ലാവരെയും ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ ജസ്റ്റിസ് സുമന്‍ ശ്യാം ഉത്തരവിട്ടു.

ശൈശവ വിവാഹ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും അറസ്റ്റിലായവരും നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. നിയമപരമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയ കോടതി പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. 

ഇത്തരം കേസുകളില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ല. കുറ്റക്കാരെന്നു കണ്ടാല്‍ കുറ്റപത്രം സമര്‍പ്പിക്കൂ. അവര്‍ വിചാരണ നേരിടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കട്ടെ- കോടതി പറഞ്ഞു. 

കൂട്ട അറസ്റ്റ് ജനങ്ങളുടെ സ്വകാര്യ ജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഇത് മയക്കുമരുന്നു കേസോ കള്ളക്കടത്തു കേസോ അല്ല. കുട്ടികളും കുടുംബാംഗങ്ങളും പ്രായമായ ആളുകളുമൊക്കെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. 

ഫെബ്രുവരി മൂന്നിനാണ് സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 3031 പേരെയാണ് അറസ്റ്റ് ചെയ്തത്. 4225 ശൈശവ വിവാഹ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com