പവന്‍ ഖേരയ്ക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി 

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം
പവന്‍ ഖേര, ട്വിറ്റര്‍
പവന്‍ ഖേര, ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം. കേസില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇടക്കാല ജാമ്യത്തില്‍ പവന്‍ ഖേരയെ വിട്ടയ്ക്കണമെന്ന് ഡല്‍ഹി ദ്വാരക കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഒരേ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഖേര സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.  ദ്വാരക കോടതിയില്‍ ഹാജരാക്കിയ പവന്‍ ഖേരയെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു.

ചൊവ്വാഴ്ച ഹര്‍ജി  വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം. കൂടാതെ പവന്‍ ഖേരയുടെ ഹര്‍ജിയില്‍ യുപി, അസം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഈ സംസ്ഥാനങ്ങളിലാണ് പവന്‍ ഖേരയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.പവന്‍ ഖേരയ്ക്ക് വേണ്ടി  മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്.

റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരിച്ച പവന്‍ ഖേരയെ വിമാനത്തില്‍ നിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.ഇന്‍ഡിഗോ വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര വിമാനത്താവളത്തില്‍ എത്തിയത്. 

പൊലീസിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമായിരുന്നു എന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. തുടക്കത്തില്‍ ബാഗേജുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടെന്നാണ് തന്നെ അറിയിച്ചതെന്ന് പവന്‍ ഖേര പറയുന്നു. തുടര്‍ന്ന് ഡിസിപി കാണാന്‍ വരുമെന്ന് പറഞ്ഞു. താന്‍ ദീര്‍ഘനേരം ഡിസിപിക്കായി കാത്തുനിന്നു. നിയമം നടപ്പാക്കുന്നതിന്റെ ഒരു ലക്ഷണവും അവിടെ കണ്ടില്ലെന്നും പവന്‍ ഖേര പറഞ്ഞു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍ , രണ്‍ദീപ് സുര്‍ജേവാല അടക്കമുള്ള നേതാക്കളും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് റണ്‍വേയില്‍ ആയിരുന്നു ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

വിവാദ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് വിശേഷിപ്പിച്ചിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. പരാമര്‍ശം വലിയ വിവാദമാവുകയും പവന്‍ ഖേരയ്‌ക്കെതിരേ കേസെടുക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com