കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതല്‍; പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് 

25 വര്‍ഷം മുന്‍പ് കൊല്‍ക്കത്ത പ്ലീനറിയിലാണ് ഇതിനു മുന്‍പ് സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നത്
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ പിടിഐ
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ പിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം അടുത്ത മാസം നടക്കും. ഫെബ്രുവരി 24,25,26 തീയതികളിലായി റായ് പൂരില്‍ വെച്ചാണ് സമ്മേളനം. ആറു വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനമാണിത്. ഖാര്‍ഗെയെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തത് സമ്മേളനം അംഗീകാരം നല്‍കും. പുതിയ പ്രവര്‍ത്തക സമിതിയെയും, പാര്‍ട്ടി ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. 

25 അംഗ പ്രവര്‍ത്തക സമിതിയാണ് തൂപീകരിക്കുക. ഇതില്‍ പാര്‍ട്ടി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് (സോണിയ ഗാന്ധി) എന്നിവര്‍ക്ക് പുറമേയുള്ളവരില്‍ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യും. 

25 വര്‍ഷം മുന്‍പ് കൊല്‍ക്കത്ത പ്ലീനറിയിലാണ് ഇതിനു മുന്‍പ് സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവര്‍ കേരളത്തില്‍ നിന്നും പ്രവര്‍ത്തക സമിതിയിലേക്ക് ഇടം തേടി രംഗത്തുണ്ട്. കെ സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടര്‍ന്നേക്കും.

കെ സി വേണു​ഗോപാലിനെ നിലനിർത്തുമോ?

അതേസമയം എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗത്വം ഒഴിഞ്ഞാല്‍, ഇരുവരേയും സ്ഥിരം ക്ഷണിതാക്കളായി നിലനിര്‍ത്തിയേക്കും. പ്രസിഡന്റ് തെരരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഉള്‍പ്പെടുത്തുമോ എന്നതും പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നു. കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരുമോ എന്നതും ശ്രദ്ധേയമാണ്.

പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളായതിനാല്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ആളാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍, ഉത്തരേന്ത്യയില്‍ നിന്നും ആരെങ്കിലും കെ സി വേണുഗോപാലിന് പകരം വരാനിടയുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 26 ന് അവസാനിക്കുകയാണ്. ഈ യാത്രയുടെ വിജയം സമ്മേളനം വിലയിരുത്തും. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി ജനുവരി 26 മുതല്‍ 2 മാസം നീളുന്ന 'ഹാത്ത് സേ ഹാത്ത് ജോഡോ' യജ്ഞത്തിന് കോണ്‍ഗ്രസ് തുടക്കമിടുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com