'സവര്‍ക്കറുടെ കൊച്ചുമകനും കേസ് കൊടുത്തിട്ടുണ്ട്'; രാഹുലിന് സ്റ്റേ ഇല്ല, പോരാട്ടം സുപ്രീം കോടതിയിലേക്ക്

രാഷ്ട്രീയരംഗത്ത് പരിശുദ്ധി ഉണ്ടാവേണ്ടതുണ്ട്
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ


അഹമ്മദാബാദ്: ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷവും രാഹുല്‍ ഗാന്ധിക്കെതിരെ സമാനമായ മാനനഷ്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഗുജറാത്ത് ഹൈക്കോടതി. പത്തു കേസുകള്‍ ഇപ്പോള്‍ രാഹുലിനെതിരെയുണ്ട്. സവര്‍ക്കറുടെ കൊച്ചുമകനും രാഹുലിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന്, സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് ചൂണ്ടിക്കാട്ടി. അതേസമയം ഹര്‍ജി തള്ളിയതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.  വിധി സ്‌റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് വിധിന്യായത്തില്‍ പറഞ്ഞു.

കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്‌റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെയാണ്. രാഹുലിനെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയരംഗത്ത് പരിശുദ്ധി ഉണ്ടാവേണ്ടതുണ്ട്. കേംബ്രിഡ്ജില്‍ വീര സവര്‍ക്കറിന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട് കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദഹം പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനായി. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

രാഹുലിന്റെ അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഗുജറാത്തില്‍നിന്നു വര്‍ത്തമാനകാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല. നിയമപോരാട്ടം തുടരും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com