മണിപ്പൂരിനെ മറന്നോ ഇറോം ശര്‍മിള?; അന്ന് 'ഉരുക്കുവനിത', ഇന്ന് രാഷ്ട്രീയ വനവാസം

മണിപ്പൂര്‍ സമാനതകളില്ലാത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഇറോം ശര്‍മിളയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിനാറു കൊല്ലം ഭക്ഷണമില്ലാതെ സ്വന്തം ജനയ്തയ്ക്ക് വേണ്ടി പോരാടിയ വനിത. ഒരുകാലത്ത് മണപ്പൂരിന്റെ ഉരുക്കു വനിതയെന്ന് ലോകം വാഴ്ത്തിയ ഇറോം ചാനു ശര്‍മിള. മണിപ്പൂര്‍ സമാനതകളില്ലാത്ത അരക്ഷിതാ വസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഇറോം ശര്‍മിളയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. 

കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരു കത്തെഴുതിയത് ഒഴിച്ചാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ശര്‍മിള മൗനത്തിലാണ്. 2000 നവംബര്‍ രണ്ടിനായിരുന്നു, ലോക ശ്രദ്ധ മണിപ്പൂരിലേക്ക് തിരിയാന്‍ കാരണമായ ആ സമരത്തിന്റെ തുടക്കം. 

2000 നവംബര്‍ രണ്ടിന് ഇംഫാല്‍ താഴ്‌വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന മെയ്തി വിഭാഗത്തിലെ പത്തു പേരെ അസം റൈഫിള്‍സിലെ സൈനികര്‍ വെടി വെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അന്നുതന്നെ ശര്‍മിള നിരാഹാര സമരം ആരംഭിച്ചു. 

നിരാഹാരം തുടങ്ങുമ്പോള്‍ ശര്‍മിളയ്ക്ക് 28 വയസ്സായിരുന്നു പ്രായം. ആഹാരവും, വെള്ളവുമില്ലാതെ തുടരുന്ന ഈ സമരം ഇറോമിന്റെ മരണത്തിലേ കലാശിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍, ശര്‍മ്മിളയുടെ പേരില്‍ ആത്മഹത്യാക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു.  പിന്നീട് ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ശ്വാസനാളത്തിലൂടെ ഒരു കുഴലിട്ട് നിര്‍ബന്ധപൂര്‍വ്വം ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു. 2016 വരെ നീണ്ട ദീര്‍ഘ സമരത്തിനൊടുവില്‍ ശര്‍മിള, നിരാഹാരത്തില്‍ നിന്ന് പിന്‍മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയമായിരുന്നു ലക്ഷ്യം. 

ഇറോം ശര്‍മിള കുടുംബത്തോടൊപ്പം
 

തുടര്‍ന്ന് പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇബോബി സിങിന് എതിരെയായിരുന്നു തൗബാല്‍ മണ്ഡലത്തില്‍ മത്സരം. വെറും 90 വോട്ട് മാത്രമായിരുന്നു ഫലം വന്നപ്പോള്‍ ശര്‍മിളയ്ക്ക് ലഭിച്ചത്. അതും നോട്ടയ്ക്കും താഴെ.143 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചത്.  തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ശര്‍മിള പ്രഖ്യാപിച്ചു. 2017ല്‍ ബ്രിട്ടീഷ് പൗരനായ ഡെസ്‌മെണ്ട് ആന്റണി കുട്ടിഞ്ഞോയെ വിവാഹം കഴിച്ച ശര്‍മിള ബെംഗളൂരുവിലേക്ക് താമസം മാറ്റി. മണിപ്പൂരിന് വേണ്ടിയുള്ള പോരാട്ടം ശര്‍മിള അവസാനിപ്പിച്ചോയെന്ന ചോദ്യം ബാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com