'പ്രോട്ടോക്കോള്‍ വിശേഷാധികാരമല്ല'; ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ്

അധികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാകരുത് പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി:  ജഡ്ജിമാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജുഡീഷ്യറിയെ വിമർശിക്കാൻ ഇടയാക്കുന്ന തരത്തിൽ ജഡ്ജിമാർ പ്രോട്ടോക്കോൾ സൗകര്യങ്ങൾ ഉപയോഗിക്കരുത്. പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ജുഡീഷ്യറിക്ക് നേരെ വിമര്‍ശനം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അയച്ച കത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശം. 

കോടതിക്ക് അകത്തും പുറത്തുമുള്ള വിവേകപൂർവ്വമായ അധികാര ഉപയോഗമാണ് ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിയമസാധുതയും, സമൂഹത്തിന് ജഡ്ജിമാരിലുള്ള വിശ്വാസവും നിലനിർത്തുന്നത്.  ജഡ്ജിമാർക്ക് ലഭ്യമാക്കിയിരിക്കുന്ന പ്രോട്ടോക്കോൾ ‘സൗകര്യങ്ങൾ’ അവരെ സമൂഹത്തിൽ നിന്ന് വേറിട്ടു നിർത്തുന്ന അധികാരത്തിന്റെയോ പ്രകടനമായോ അല്ലെങ്കിൽ ഒരു പ്രത്യേകാവകാശത്തിനോ ഉപയോഗിക്കരുത്. ജുഡീഷ്യറിക്കുള്ളിൽ പുനർചിന്തനവും കൗൺസിലിംഗും ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് കത്തിൽ ചൂണ്ടിക്കാട്ടി. 

ഡൽഹിയില്‍ നിന്ന് പ്രയാ​ഗ് രാജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വലിയ രീതിയില്‍ ബുദ്ധിമുട്ടുകളുണ്ടായതില്‍ വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ​ഗൗതം ചൗധരിയുടെ കത്ത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ കത്ത്. അധികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാകരുത് പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ട്രെയിൻ യാത്രയ്‌ക്കിടെ തന്റെ ആവശ്യങ്ങൾ നിറവേറ്റത്തതിന്റെ പേരിൽ റെയിൽവേ അധികൃതരോട് വിശദീകരണം തേടിയ കോടതിയുടെ നടപടിയിൽ ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചു. 

റെയില്‍വേ ജീവനക്കാരില്‍ നിന്ന് അച്ചടക്ക നടപടി ആവശ്യപ്പെടാനുള്ള അധികാര പരിധി ഹൈക്കോടതി ജഡ്ജിക്കില്ലെന്നും ചീഫ് ജസ്റ്റിസിന്‍റെ കത്ത് സൂചിപ്പിക്കുന്നു. ജഡ്ജിക്ക് അസൗകര്യം നേരിട്ട സംഭവത്തിൽ നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജരോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതിയുടെ പ്രോട്ടോക്കോൾ രജിസ്ട്രാർ കത്തയച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com