'അശോക് ഗെലോട്ട് വരാത്തത് കാലു വയ്യാത്തതുകൊണ്ട്'; 'പ്രസംഗം വെട്ടല്‍' വിവാദത്തില്‍ മോദി

പ്രധാനന്ത്രി പങ്കെടുത്ത പരിപാടിയില്‍ തന്റെ പ്രസംഗം പിഎംഒ ഇടപെട്ട് റദ്ദാക്കിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിജെപി റാലിയില്‍ മോദി/പിടിഐ
ബിജെപി റാലിയില്‍ മോദി/പിടിഐ


സികര്‍: പ്രധാനന്ത്രി പങ്കെടുത്ത പരിപാടിയില്‍ തന്റെ പ്രസംഗം പിഎംഒ ഇടപെട്ട് റദ്ദാക്കിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അശോക് ഗെലോട്ട് പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും കാലിലെ അസുഖം കാരണം അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും മോദി പറഞ്ഞു. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസ് തന്റെ പ്രസംഗം വെട്ടിയെന്നും അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ താന്‍ ട്വീറ്റിലുടെ സ്വാഗതം ചെയ്യുകയാണെന്നും പിഎംഒ ഇടപെട്ട് പ്രസംഗം റദ്ദാക്കിയതിനാലാണ് ഇതു ചെയ്യുന്നതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു. മൂന്നു മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമാണ് പിഎംഒ റദ്ദാക്കിയതെന്ന് ട്വീറ്റില്‍ പറയുന്നു.

സികറിലെ പരിപാടിയില്‍ ഗെലോട്ടിന്റെ സാന്നിധ്യത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി പിഎംഒ ട്വീറ്റിനു മറുപടി നല്‍കി. പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു, പ്രസംഗവും അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് എത്താനാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചത് പിഎംഒ പറഞ്ഞു.

ഉദ്ഘാടന പരിപാടിക്ക് ശേഷം നടന്ന ബിജെപി റാലിയില്‍ നരേന്ദ്ര മോദി അശോക് ഗെലോട്ടിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു. രാജസ്ഥാനില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ രാജേന്ദ്ര സിങ് ഗൂഡയുടെ 'റെഡ്' ഡയറി' കോണ്‍ഗ്രസിന് എതിരെ പ്രധാനമന്ത്രി ആയുധമാക്കി. രാജേന്ദ്ര സിങിന്റെ ഡയറിയില്‍ കോണ്‍ഗ്രസിന്റെ വഴിവിട്ട പ്രവര്‍ത്തികള്‍ എഴുതിയിട്ടുണ്ടെന്നും കള്ളന്‍മാരുടെ കട നടത്തിപ്പുകാരെ രാജസ്ഥാന്‍ ജനത പുറത്താക്കുമെന്നും ബിജെപി റാലിയില്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അഴിമതിക്കെതിരെയുള്ള തെളിവുകള്‍ തന്റെ കൈവശമുള്ള 'ചുവന്ന ഡയറി'യിലുണ്ടെന്നും അത് സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജേന്ദ്ര സിങ് രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമര്‍ശനം.

'കോണ്‍ഗ്രസിന്റെ കള്ളന്‍മാരുടെ കടയിലെ പുതിയ ഉത്പ്പന്നമാണ് ഈ റെഡ് ഡയറി. അതില്‍ കോണ്‍ഗ്രസിന്റെ ഇരുണ്ട പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിനെ രാജസ്ഥാനില്‍ നിന്ന് പുറത്താക്കും. യുവാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കും. ഈ സമയത്ത് ഒരു മുദ്രാവാക്യം മാത്രമേ ഇവിടെയുള്ളു, രാജസ്ഥാന്‍ ഇനിയും സഹിക്കില്ല. പെണ്‍മക്കള്‍ക്കും സഹോദരികള്‍ക്കും എതിരായ ആക്രമണം ഇനിയും രാജസ്ഥാന്‍ സഹിക്കില്ല. രാജസ്ഥാനില്‍ ഇപ്പോള്‍ ഒരോയൊരു മുദ്രാവാക്യം മാത്രമേയുള്ളു, താമര വിരിയും, താമര വിജയിക്കും' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി തന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ അഭിലാഷം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com