ലക്ഷ്യം അഴിമതി മുക്ത രാഷ്ട്രീയം; ഒരടി പിന്നോട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ്, പുതിയ പാര്‍ട്ടി പ്രഖ്യാപനമില്ല

രാജസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ കോണ്‍ഗ്രസ് നേതാവ് സച്ചന്‍ പൈലറ്റ്
ചിത്രം: സച്ചിന്‍ പൈലറ്റ്/ട്വിറ്റര്‍
ചിത്രം: സച്ചിന്‍ പൈലറ്റ്/ട്വിറ്റര്‍

ദൗസ: രാജസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ കോണ്‍ഗ്രസ് നേതാവ് സച്ചന്‍ പൈലറ്റ്. ഇന്ന് ദൗസയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, റാലിയില്‍ അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചില്ല. 

ജനങ്ങളാണ് തന്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറന്‍സി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങള്‍ ചര്‍ച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാന്‍ പോരാട്ടം തുടരുമെന്നും പൈലറ്റ് പറഞ്ഞു. 

തന്റെ ശബ്ദം ദുര്‍ബലമല്ല. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടു വയ്ക്കില്ല.  രാജ്യത്തിന് സത്യസന്ധതയുടെ രാഷ്ട്രീയമാണ് വേണ്ടത്. യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ അനുവദിക്കില്ല. തനിക്ക് വേണ്ടത് സംശുദ്ധ രാഷ്ട്രീയമാണ്- അദ്ദേഹം പറഞ്ഞു. 

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന വാഗ്ദാനം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സച്ചിന്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുക്കെയുള്ള അധികാര വടംവലിയില്‍ പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ശ്രമിച്ചെങ്കിലും പൊതുയോഗത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹമുയര്‍ന്നത്. 

സച്ചിന്‍ പൈലറ്റിന്റെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിദിനത്തോട് അനുബന്ധിച്ചാണ് പ്രാര്‍ത്ഥനായോഗവും റാലിയും സംഘടിപ്പിച്ചത്. സച്ചിന്റെ തട്ടകമായ ദൗസയില്‍ നടന്ന റാലിയില്‍ നാലായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com