ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി പൊളിച്ചു നീക്കണം; മൂന്നു മാസത്തെ സമയം നല്‍കി സുപ്രീം കോടതി

പാട്ട ഭൂമിയിലെ നിര്‍മിതിക്ക് പാട്ടക്കാലാവധിക്കു ശേഷം അവകാശം ഉന്നയിക്കാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.

2017ലാണ് പള്ളി പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. ഇതു ചോദ്യം ചെയ്ത് വഖവ് മസ്ജിദ് ഹൈക്കോര്‍ട്ട്, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പാട്ട ഭൂമിയിലെ നിര്‍മിതിക്ക് പാട്ടക്കാലാവധിക്കു ശേഷം അവകാശം ഉന്നയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. അതേസമയം പള്ളി മാറ്റിസ്ഥാപിക്കുന്നതിനു സ്ഥലത്തിനു വേണ്ടി മസ്ജിദ് കമ്മിറ്റിക്കു സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

1950കള്‍ മുതല്‍ നിലനില്‍ക്കുന്ന പള്ളിയാണിതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 2017ല്‍ സര്‍ക്കാര്‍ മാറിയതോടെയാണ് എല്ലാം മാറിയത്. പുതിയ സര്‍ക്കാര്‍ വന്ന് പത്തു ദിവസത്തിനകം പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നു. ആ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം അനുവദിച്ചാല്‍ പള്ളി മാറ്റി സ്ഥാപിക്കാമെന്നും സിബല്‍ പറഞ്ഞു.

താമസ സൗകര്യത്തിനായാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ഇതിനെ പള്ളി എന്നു പറയാനാവില്ലെന്നുമാണ് ഹൈക്കോടതിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com