ഇര കൂറുമാറിയിട്ടും ബലാത്സംഗ കേസില്‍ പ്രതിക്കു ശിക്ഷ വിധിച്ച് കോടതി; മെഡിക്കല്‍ തെളിവുകള്‍ തുണയായി

പതിനെട്ടുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍, പെണ്‍കുട്ടി കൂറുമാറിയിട്ടും പ്രതിക്കു തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താനെ: പതിനെട്ടുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍, പെണ്‍കുട്ടി കൂറുമാറിയിട്ടും പ്രതിക്കു തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവ്. മഹാരാഷ്ട്രയിലെ താനെ ജില്ലാ കോടതിയാണ്, 42കാരനെ പത്തു വര്‍ഷം തടവിനു ശിക്ഷിച്ചത്.

പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴിയുടെയും മെഡിക്കല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജില്ലാ സെഷന്‍സ് ജഡ്ജി രചിന തെഹ്‌റയുടെ ഉത്തരവ്. പ്രതിക്കെതിരായ കേസ് യുക്തിഭദ്രമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതി ഐപിസി 376, 354 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണ്. പത്തു വര്‍ഷം കഠിന തടവിനു പുറമേ ആറായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

അനാഥയായ അനന്തരവളെ അമ്മാവന്‍ ആയ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായാണ് കേസ്. ഇതു പുറത്തു പറഞ്ഞാല്‍ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂഷന്‍ പറഞ്ഞു. അനാഥാലയത്തില്‍നിന്ന് അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അതിക്രമം. 

പെണ്‍കുട്ടി പിന്നീട് വിവരം അനാഥാലയത്തിലെ സുഹൃത്തിനോടു വെളിപ്പെടുത്തുകയായിരുന്നു. കേസിന്റെ വിസ്താരത്തിനിടെ പെണ്‍കുട്ടി കൂറുമാറിയിരുന്നു. എന്നാല്‍ മറ്റു മൂന്നു സാക്ഷികള്‍ മൊഴികളില്‍ ഉറച്ചുനിന്നു. മെഡിക്കല്‍ തെളിവുകളും പ്രതിക്ക് എതിരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com