യാത്രയ്ക്ക് പോയ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി; വധുവാണെന്ന് പറഞ്ഞ് വിറ്റത് രണ്ടുതവണ, ദുരിത കഥ 

മധ്യപ്രദേശില്‍ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി വധുവായി കാണിച്ച് രണ്ടുതവണ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി വധുവായി കാണിച്ച് രണ്ടുതവണ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റു. ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വീണ്ടും മറ്റൊരാള്‍ക്ക് വിറ്റ 17കാരി, രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട പെണ്‍കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് ദുരനുഭവം വെളിപ്പെടുത്തിയത്.

അഞ്ചുമാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ ദുരിത ജീവിതം ആരംഭിച്ചത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിനെ തുടര്‍ന്ന് ട്രിപ്പിന് പോകാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കറ്റ്‌നി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ സൗഹൃദം സ്ഥാപിക്കാനെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ശിശു ക്ഷേമ സമിതി അറിയിച്ചു.

പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ഭക്ഷണവും വെള്ളവും നല്‍കി. അബോധാവസ്ഥയിലായ പെണ്‍കുട്ടി കണ്ണ് തുറക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ അകപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി 27കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി ശിശു ക്ഷേമ സമിതി പറയുന്നു.

തന്നെ വിവാഹം കഴിക്കാന്‍ രണ്ടുലക്ഷം രൂപ നല്‍കിയതായി 27കാരന്‍ പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു. നാലുമാസം കഴിഞ്ഞപ്പോള്‍ 27കാരന്‍ മരിച്ചു. കീടനാശിനി കുടിച്ച് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍തൃ വീട്ടുകാര്‍ മറ്റൊരു ആള്‍ക്ക് തന്നെ വിറ്റതായി പെണ്‍കുട്ടിയുടെ ദുരിത കഥയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ എന്ന പേരിലാണ് തന്നെ രണ്ടാമതും വിറ്റത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് തന്നെ വാങ്ങിയതെന്ന് രണ്ടാമത്തെ ഭര്‍ത്താവ് പറഞ്ഞതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. അതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി ശിശു ക്ഷേമ സമിതി പറഞ്ഞു. 

കോട്ട റെയില്‍വേ സ്റ്റേഷനിലെത്തിയ തന്നെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com