നീറ്റ് യുജി പരീക്ഷ നാളെ; ഉച്ചയ്ക്ക് 1.15 മുതൽ പ്രവേശനം, പരീക്ഷാ​ഹാളിൽ വെള്ളക്കുപ്പി കൊണ്ടുപോകാം 

പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യു ജി (നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവറ്റ്) പരീക്ഷ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെ നടക്കും. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സുതാര്യമായ വെള്ളക്കുപ്പി കൈവശം വയ്ക്കാം. 

1:30ന് ശേഷം പ്രവേശനമില്ല

രണ്ട് മണിക്കാണ് പരീക്ഷ തുടങ്ങുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. 1.15 മുതൽ ഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.‌‍

തിരിച്ചറിയൽ കാർഡ് വേണം

ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷയ്ക്കെത്താൻ. പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ്, ­­പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് (ഫോട്ടോ ഉള്ളത്), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐ ഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോ​ഗിക്കാം. ഭിന്നശേഷിക്കാർ ഇത് തെളിയിക്കുന്ന സർട്ടിഫക്കറ്റും കൈയിൽ കരുതണം. 

കൊണ്ടുപോകരുത്

ഷൂസ് ധരിച്ച പരീക്ഷാഹോളിൽ പ്രവേശിക്കാൻ പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോ​ഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങൾ അനുവദിക്കുകയില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂർമുമ്പ് എത്തണം. ഇൻസ്ട്രുമെൻറ് ബോക്സ്, പെൻസിൽ ബോക്സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവയൊന്നും പരീക്ഷാ​ഹാളിലേക്ക് കൊണ്ടുപോകരുത്. 

ആഹാരപദാർഥങ്ങൾ, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ, ഇയർഫോൺ, കാൽക്കുലേറ്ററുള്ള ഇലക്‌ട്രോണിക് തുടങ്ങിയവയൊന്നും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകരുത്. വാട്ടർ ബോട്ടിൽ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളം കൊണ്ടുവരാൻ മറന്നുപോയ വിദ്യാർത്ഥികൾക്ക് അത്യാവശ്യത്തിന് വാട്ടർ ബോട്ടിൽ നൽകാനുള്ള ഏർപ്പാട് ചെയ്യണമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാകേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്കു നിർദേശം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com