'കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക മുന്തിയ പരിഗണന'; നിയമമന്ത്രിയായി അര്‍ജുന്‍ രാം മേഘ്‌വാള്‍ ചുമതലയേറ്റു

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മേഘ്‌വാള്‍, വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്
അർജുൻ രാം മേഘ് വാൾ/ പിടിഐ
അർജുൻ രാം മേഘ് വാൾ/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിയായി അര്‍ജുന്‍ രാം മേഘ്‌വാള്‍ ചുമതലയേറ്റു. കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് മുന്തിയ പരിഗണനയെന്ന് ചുമതലയേറ്റ ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ജുഡീഷ്യറിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒരു ഏറ്റുമുട്ടലും ഇല്ലെന്നും മന്ത്രി മേഘ്‌വാള്‍ വ്യക്തമാക്കി. 

എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. നമുക്ക് അറിയേണ്ടതെല്ലാം ഭരണഘടനയില്‍ പറയുന്നുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കും. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധമാണ്, അത് സൗഹാര്‍ദ്ദപരവും ഭരണഘടനാപരവുമായി നിലനില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നിയമമന്ത്രിയായിരുന്ന കിരണ്‍ റിജിജുവിനെ മാറ്റിയാണ് അര്‍ജുന്‍ രാം മേഘ്‌വാളിനെ നിയമമന്ത്രാലയത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പിലേക്കാണ് മാറ്റിയത്. ബികാനീറില്‍ നിന്നുള്ള എംപിയായ അര്‍ജുന്‍ രാം മേഘ്‌വാള്‍, മൂന്നാം തവണയാണ് പാര്‍ലമെന്റംഗമാകുന്നത്. 

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മേഘ്‌വാള്‍, വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. നിയമ ബിരുദധാരിയാണ്. രാജസ്ഥാനിലെ ബിജെപിയുടെ ദലിത് മുഖം കൂടിയാണ് അര്‍ജുന്‍ രാം മേഘ്‌വാള്‍. രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മേഘ്‌വാളിനെ സുപ്രധാന പദവിയിലേക്ക് ഉയര്‍ത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com