കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; സിദ്ധരാമയ്യക്കൊപ്പം 25 മന്ത്രിമാർ സ്ഥാനമേൽക്കും 

മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക
സിദ്ധരാമയ്യ, ഡികെ ശിവകുമാർ
സിദ്ധരാമയ്യ, ഡികെ ശിവകുമാർ

ബം​ഗളൂരു: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.  
കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ 25 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക.

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയാക്കാനാണ് കോൺഗ്രസ് ശ്രമം. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്കും പ്രധാന നേതാക്കൾക്കും ക്ഷണമുണ്ട് എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് രൂക്ഷ വിമർശനത്തിന് ഇടയാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവർക്കും ക്ഷണമില്ല.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഫ് അബ്ദുള്ള, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർക്കാണ് ക്ഷണമുള്ളത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com