ധരിച്ചത് ഭര്‍ത്താവിന്റെ ട്രാക്ക്‌സ്യൂട്ട്, തലയില്‍ ഹെല്‍മറ്റ്; അമ്മായിയമ്മയുടെ കൊലപാതകത്തില്‍ 28കാരി അറസ്റ്റില്‍ 

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ 28കാരി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ 28കാരി അറസ്റ്റില്‍.പുരുഷന്റേതിന് സമാനമായ വസ്ത്രം ധരിച്ച് തലയില്‍ ഹെല്‍മറ്റ് വച്ച് 58കാരിയായ സീതാലക്ഷ്മിയെ ആക്രമിച്ചത് മരുമകള്‍ മഹാലക്ഷ്മിയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. കനമുള്ള പൈപ്പ് ഉപയോഗിച്ചാണ് മഹാലക്ഷ്മി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മി ചൊവ്വാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്. തുളുകാക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്‍മുഖവേലിന്റെ ഭാര്യയാണ് സീതാലക്ഷ്മി. അന്വേഷണത്തിന്റെ തുടക്കത്തില്‍ അജ്ഞാതരായ ചിലര്‍ ചേര്‍ന്ന് ഭര്‍തൃമാതാവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് മഹാലക്ഷ്മി മൊഴി നല്‍കിയിരുന്നത്. സീതാലക്ഷ്മിയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാലയ്ക്ക് വേണ്ടിയായിരുന്നു ആക്രമണമെന്നുമായിരുന്നു മൊഴി. 

എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സീതാലക്ഷ്മിയെ ആക്രമിച്ചത് മഹാലക്ഷ്മി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വീട്ടില്‍ കയറിയയാളാണ് ആക്രമിച്ചത്. അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ വസ്ത്രം ധരിച്ചാണ് മഹാലക്ഷ്മി ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആക്രമണം നടന്ന തിങ്കളാഴ്ച വൈകീട്ട് ഷണ്‍മുഖവേല്‍ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഷണ്‍മുഖവേല്‍ സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ മഹാലക്ഷ്മിയും സഹായത്തിനായി ഓടിയെത്തി. കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരാന്‍ അജ്ഞാതരാണ് ഭര്‍തൃമാതാവിനെ ആക്രമിച്ചത് എന്നാണ് മഹാലക്ഷ്മി പറഞ്ഞത്. അന്വേഷണത്തില്‍ മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com