മിസോറാമും ഛത്തീസ്ഗഢും പോളിങ് ബൂത്തിലേക്ക്; 'സെമിഫൈനൽ പോരാട്ട'ത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ബിജെപിയും

ഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്
പിടിഐ ചിത്രം
പിടിഐ ചിത്രം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി മിസോറാമിലും ഛത്തീസ് ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 

ഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്. 90 അംഗ നിയമസഭയില്‍ 20 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്ക് ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. 

മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

അര്‍ദ്ധ സൈനികവിഭാഗങ്ങളെയും സംസ്ഥാന പൊലീസിനെയും ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷ ഒരുക്കി. ഡ്രോൺ സുരക്ഷ അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. 

കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഛത്തീസ് ഗഢില്‍ പോരാട്ടം. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ്, കോണ്‍ഗ്രസിലെ വിക്രം മാണ്ഡവി തുടങ്ങിയവര്‍ ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു.

മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് മത്സരം. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്മെന്റും 40 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 

മിസോറാമില്‍ മുഖ്യമന്ത്രി സോറംതാംഗ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഐസ്വാള്‍ നോര്‍ത്ത് 2 മണ്ഡലത്തിലെ ഐസ്വാള്‍ വെംഗ് ലായി വൈഎംഎ ഹാളിലെ പോളിങ്ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com