മണ്ണിടിച്ചില്‍ വീണ്ടും വില്ലനായി, പുതിയ ഡ്രില്ലിങ് മെഷീനില്‍ പ്രതീക്ഷ; രക്ഷാപ്രവര്‍ത്തനം നാലാംദിവസത്തിലേക്ക്, തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക- വീഡിയോ 

ചൊവ്വാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്
തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു, എഎൻഐ
തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു, എഎൻഐ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക്. മൂന്നടി വ്യാസമുള്ള പൈപ്പ് പാറക്കഷണങ്ങളിലൂടെ ഉള്ളിലേക്ക് കടത്തിവിട്ട് തൊഴിലാളികളുടെ അരികിലേക്ക് എത്താനുള്ള ശ്രമം ഇന്നലെ വിജയിച്ചില്ല. ചൊവ്വാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. എങ്കിലും ആസൂത്രണം ചെയ്തത് അനുസരിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ ഇന്ന് ( ബുധനാഴ്ച) തന്നെ തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ സാധിക്കുമെന്ന് ഉത്തരകാശി ജില്ലാ കലക്ടര്‍ അഭിഷേക് റുഹേല പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്നലെ രാത്രി മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡ്രില്ലിങ് മെഷീനും പ്ലാറ്റ്‌ഫോമിനും തകരാര്‍ സംഭവിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചത്. തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്റ്റീല്‍ പൈപ്പ് കടത്തിവിടാന്‍ മണിക്കൂറുകള്‍ ചെലവഴിച്ച് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനിടെയാണ് വില്ലനായി വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഡ്രില്ലിങ് മെഷീനും പ്ലാറ്റ്‌ഫോമും തകര്‍ന്നത്. ഇവ ഉപേക്ഷിച്ച് പുതിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്ന പ്രവൃത്തിയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഡ്രില്ലിങ് നടത്തി പൈപ്പ് കടത്തിവിട്ട് തൊഴിലാളികള്‍ക്ക് പുറത്തേയ്ക്ക് വരുന്നതിന് സുരക്ഷിതമായ പാത ഒരുക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഭിഷേക് റുഹേല പറഞ്ഞു. പുതിയ ഡ്രില്ലിങ് മെഷീന്‍ സ്ഥാപിക്കുന്നതിന് പ്ലാറ്റ്‌ഫോം വീണ്ടും തയ്യാറാക്കുന്നതിനുള്ള ശ്രമമാണ് തുടരുന്നത്. പ്ലാറ്റ്‌ഫോമിനെ ബലപ്പെടുത്തുന്നിന് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളും നടന്നുവരുന്നു. തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിന് വഴിയൊരുക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.  

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിനകത്തേയ്ക്കുള്ള വഴി ശരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടന്നതോടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com