കുന്നിന്‍ മുകളില്‍ നിന്ന് തുരങ്കത്തിലേക്ക് ലംബമായി തുരക്കും, തൊഴിലാളികള്‍ കുടുങ്ങിയിട്ട് എട്ടാം ദിവസം; ആരോഗ്യസ്ഥിതിയില്‍ ആശങ്ക

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസത്തിലേക്ക്
രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇൻഡോറിൽ നിന്ന് വ്യോമസേന വിമാനത്തിൽ കയറ്റിയ അത്യാധുനിക യന്ത്രഭാ​ഗം, പിടിഐ
രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇൻഡോറിൽ നിന്ന് വ്യോമസേന വിമാനത്തിൽ കയറ്റിയ അത്യാധുനിക യന്ത്രഭാ​ഗം, പിടിഐ
Published on
Updated on

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസത്തിലേക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 170 മണിക്കൂറായി കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് ലംബമായി തുരന്ന് ഒരു ദ്വാരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നാലുമുതല്‍ അഞ്ചുദിവസം വരെ നീണ്ടേക്കാമെന്നും ദൈവം ദയ കാണിച്ചാല്‍ ഇതിന് മുന്‍പ് തന്നെ ഇവരെ രക്ഷിക്കാന്‍ സാധിച്ചേക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേശകന്‍ ഭാസ്‌കര്‍ ഖുല്‍ബെ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. കുന്നിന്‍ മുകളില്‍ നിന്ന് തുരങ്കത്തിലേക്ക് ലംബമായി തുരന്ന് ഒരു ദ്വാരം ഉണ്ടാക്കാനുള്ള ഡ്രില്ലിങ് മെഷീന്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് കൊണ്ടുവന്നു. ഡ്രില്ലിങ് നടത്തുന്നതിന് മുന്നോടിയായി പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകീട്ട് മുതല്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും  വിദഗ്ധരും തൊഴിലാളികളെ രക്ഷിക്കുന്നതിന് അഞ്ചു മാര്‍ഗങ്ങള്‍ക്കാണ് രൂപം നല്‍കിയത്. ഒരു വഴിയെ മാത്രം ആശ്രയിക്കാതെ ഒരേസമയം അഞ്ചുമാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ അരികിലേക്ക് എത്രയും പെട്ടെന്ന് എത്താനുള്ള ശ്രമമാണ് അധികൃതര്‍ നോക്കുന്നത്.

യന്ത്രത്തില്‍ നിന്ന് പൊടുന്നനെ 'പൊട്ടുന്ന ശബ്ദം' കേട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പ് കടത്തിവിടാനുള്ള ഡ്രില്ലിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. കേന്ദ്രം വിളിച്ച ഉന്നതതല യോഗത്തില്‍ തൊഴിലാളികളെ രക്ഷിക്കാന്‍ ആവിഷ്‌കരിച്ച അഞ്ചുവഴികള്‍ ചര്‍ച്ച ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ കേന്ദ്ര ഏജന്‍സികളെയും പരസ്പരം ഏകോപിപ്പിക്കുന്നതിന് എംഡി മഹമൂദ് അഹമ്മദാസിനെ ചുമതലപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് സമഗ്രമായ പുനരധിവാസത്തിന്റെ ആവശ്യകത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ദിവസങ്ങളോളമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് മാനസികവും ശാരീരികവുമായ വീണ്ടെടുക്കല്‍ പ്രക്രിയകള്‍ ആവശ്യമായി വരുമെന്നും ഡോക്ടര്‍ ആശങ്കപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com