'ആ നിമിഷം വളരെ വികാരനിര്‍ഭരമായിരുന്നു, ഞങ്ങളുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു'

ഓപ്പറേഷന്‍ വിജയിച്ച വേളയില്‍ മൂന്നു തവണ താന്‍ കരഞ്ഞുപോയെന്നും മുന്ന ഖുറേഷി പറഞ്ഞു
മുന്ന ഖുറേഷി, സില്‍ക്യാര ടണല്‍/ പിടിഐ
മുന്ന ഖുറേഷി, സില്‍ക്യാര ടണല്‍/ പിടിഐ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക ശ്രമകരമായ ഉത്തരവാദിത്തമായിരുന്നുവെന്ന് രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച റാറ്റ് മൈനേഴ്‌സ് സംഘാംഗം മുന്ന ഖുറേഷി. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ജീവിതത്തില്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യ പ്രവൃത്തിയെന്നും ഖുറേഷി പറഞ്ഞു. 

'40 പേരെ രക്ഷിക്കാന്‍ ഒരാള്‍ മരിച്ചാലും കുഴപ്പമില്ല, കാരണം ആ 40 പേരെ ആശ്രയിക്കുന്ന, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളുണ്ട്. എന്നെക്കൊണ്ട് എന്തു ചെയ്യാന്‍ കഴിയുമോ അതു ഞാന്‍ ചെയ്തു. തൊഴിലാളികളെ കണ്ട നിമിഷം വളരെ വികാരനിര്‍ഭരമായിരുന്നു. ഞങ്ങളുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു'. മുന്ന ഖുറേഷി പറഞ്ഞു. 

താന്‍ വളരെ സന്തുഷ്ടനാണ്. ജീവിതത്തില്‍ ഇത്രയേറെ സന്തോഷിച്ച നിമിഷമില്ല. ഓപ്പറേഷന്‍ വിജയിച്ച വേളയില്‍ മൂന്നു തവണ താന്‍ കരഞ്ഞുപോയെന്നും മുന്ന ഖുറേഷി പറഞ്ഞു. രക്ഷാദൗത്യത്തില്‍ ഹീറോ ആയി തന്നെ വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും, ഇക്കഥകളൊന്നും തന്റെ കുട്ടികളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല. 

എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികള്‍ എഞ്ചിനീയറും ഡോക്ടറും ആകണമെന്നാണ്. താനും അതാണ് ആഗ്രഹിക്കുന്നത്. തന്റെ കുട്ടികള്‍ തന്നെപ്പോലെ റാറ്റ് മൈനേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്ന ഖുറേഷി പറഞ്ഞു. സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിന് ശേഷമാണ് സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com