ഷാക്കോ ചോ തടാകം പൊട്ടലിന്റെ വക്കില്‍, താമസക്കാരെ ഒഴിപ്പിച്ചു; സിക്കിം പ്രളയത്തില്‍ മരണസംഖ്യ 18 ആയി- വീഡിയോ 

സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 18 ആയി
മിന്നല്‍ പ്രളയത്തില്‍ സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയ നിലയില്‍, പിടിഐ
മിന്നല്‍ പ്രളയത്തില്‍ സൈനിക വാഹനങ്ങള്‍ ഒലിച്ചുപോയ നിലയില്‍, പിടിഐ

ഗാങ്‌ടോക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 18 ആയി. 22 സൈനികര്‍ അടക്കം 98 പേരാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സൈന്യവും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്.  മാംഗന്‍, ഗാങ്‌ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു. 

വിനോദസഞ്ചാരികള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സ്‌ഫോടക വസ്തുക്കളോ, വെടിമരുന്നോ, എടുക്കരുതെന്ന്് പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇവ കൈ കൊണ്ട് എടുത്താല്‍ പൊട്ടിത്തെറിച്ച് അത്യാഹിതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ പ്രളയക്കെടുതിയില്‍ നിന്ന് 2011 പേരെ രക്ഷപ്പെടുത്തി. 22,034 പേരെ പ്രളയം നേരിട്ട് ബാധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

അതിനിടെ മംഗാന്‍ ജില്ലയിലെ ലാച്ചനിനടുത്തുള്ള ഷാക്കോ ചോ തടാകത്തിന്റെ തീരത്ത് നിന്ന് അധികൃതര്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. തടാകം പൊട്ടുന്നതിന്റെ വക്കിലായതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തങ്കു ഗ്രാമത്തിന് മുകളിലാണ് ഷാക്കോ ചോ ഹിമ തടാകം. 1.3 കിലോമീറ്റര്‍ നീളമുള്ള തടാകത്തിന്റെ 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രാമം.

 ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com