ഒഴിപ്പിക്കലിന് സജ്ജമാകാൻ സേനയ്ക്ക് നിർദേശം; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമം; നടപടിക്കൊരുങ്ങി കേന്ദ്രം

ഏതാണ്ട് 18,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചു
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഖാൻ യൂനിസ് പള്ളി/ പിടിഐ
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഖാൻ യൂനിസ് പള്ളി/ പിടിഐ

ടെല്‍ അവീവ്:  പശ്ചിമഷ്യയില്‍ പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടകരെയുമായും നാട്ടിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. 

ഒഴിപ്പിക്കൽ വേണ്ടിവന്നാൽ സജ്ജമായിരിക്കാൻ വ്യോമ - നാവിക സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതാണ്ട് 18,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചു. പോരാട്ടം രൂക്ഷമായതോടെ, രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ ദിവസവും നൂറുകണക്കിന് അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്. 

കൂടുതലും ടൂറിസ്റ്റുകളാണ് ഈ ആവശ്യവുമായി വരുന്നതെന്നും എംബസി അധികൃതര്‍ സൂചിപ്പിച്ചു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയും പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധികാര്യ ഓഫീസും ഇന്ത്യന്‍ പൗരന്മാരോട് 'ജാഗ്രത പാലിക്കാനും' അടിയന്തരഘട്ടത്തില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. 

അതിനിടെ, പോളണ്ട് തങ്ങളുടെ പൗരന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു. പ്രത്യേക വ്യോമസേന വിമാനത്തില്‍ 120 പോളിഷ് പൗരന്മാരെയാണ് നാട്ടിലെത്തിച്ചത്. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമാണ് പോളണ്ട്. തായ്‌ലന്‍ഡും പൗരന്മാരെ ഒഴിപ്പിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. യുദ്ധത്തില്‍ 12 തായ് പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണിത്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com