ടാറ്റു 'വിനയായി', മോഷ്ടിച്ച വയര്‍ലെസ് സെറ്റില്‍ 'പെട്ടു'; സൗമ്യ വിശ്വനാഥന്റെ കൊലപാതകം, ചുരുളഴിഞ്ഞത് ഇങ്ങനെ 

കൈയിലെ ടാറ്റു, മോഷ്ടിച്ച വയര്‍ലെസ് സെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസ് തെളിയിക്കാന്‍ സഹായിച്ചതെന്ന് ഡല്‍ഹി പൊലീസ്
സൗമ്യ വിശ്വനാഥൻ/ ടിവി ദൃശ്യം
സൗമ്യ വിശ്വനാഥൻ/ ടിവി ദൃശ്യം

ന്യൂഡല്‍ഹി: കൈയിലെ ടാറ്റു, മോഷ്ടിച്ച വയര്‍ലെസ് സെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസ് തെളിയിക്കാന്‍ സഹായിച്ചതെന്ന് ഡല്‍ഹി പൊലീസ്. ഐടി ജീവനക്കാരന്‍ ജിഗിഷ ഘോഷ് വധക്കേസ് തെളിയിച്ചതാണ് സൗമ്യ വിശ്വനാഥന്റെ കൊലയാളികളിലേക്ക് അന്വേഷണം നയിക്കാന്‍ സഹായിച്ചതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.

2009ല്‍ നടന്ന ജിഗിഷ ഘോഷിന്റെ കൊലപാതകത്തില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ 2008ല്‍ നടന്ന സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിലും പങ്കാളിത്തമുള്ളതായി പ്രതികള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ്കുമാര്‍, അജയ് സേത്തി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

2009 മാര്‍ച്ച് 18നാണ് ഘോഷ് കൊലപ്പെടുന്നത്. മൃതദേഹം കണ്ടെത്തി മൂന്ന് ദിവസത്തിനകമാണ് കൊലപാതകം തെളിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ തുമ്പ് ലഭിച്ചത്. ഘോഷിന്റെ കൈവശമുള്ള വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ കവര്‍ന്ന ശേഷമായിരുന്നു കൊലപാതകം. ഘോഷിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളില്‍ ഒരാളുടെ കൈയിലെ ടാറ്റു അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരു പ്രതി പൊലീസുകാരന്റെ കൈയില്‍ നിന്ന് കവര്‍ന്ന വയര്‍ലെസ് സെറ്റുമായി നില്‍ക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു. തൊപ്പി വച്ചായിരുന്നു ഇയാള്‍ നിന്നിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അതുല്‍ കുമാര്‍ വര്‍മ്മയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ തുമ്പുകള്‍ ഉപയോഗിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഘോഷിനെ കൊലപ്പെടുത്തിയ കാര്യം പുറത്തുവന്നത്. തുടര്‍ന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിലെ പങ്കാളിത്തവും ഇവര്‍ തുറന്നുപറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. 

തുടര്‍ന്ന് മറ്റൊരു അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു ഏറ്റവും ദുഷ്‌കരമായ കാര്യമെന്നും അതുല്‍ കുമാര്‍ വര്‍മ്മ പറയുന്നു.

2008 സെപ്റ്റംബര്‍ 30നാണ് കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈന്‍സ് ടുഡേ' ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com