ലോഗിന്‍ ഐഡിയും പാസ് വേഡും നല്‍കി; മഹുവ മൊയ്ത്രയെ വെട്ടിലാക്കി ഹിരാനന്ദാനി; പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസെന്ന് തൃണമൂല്‍ എംപി

'സത്യവാങ്മൂലത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ കുടുംബ ബിസിനസ് അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ദര്‍ശന്‍ ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി'
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി:  പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വെട്ടില്‍. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മഹുവക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ സത്യവാങ്മൂലത്തിന്റെ ആധികാരികത മഹുവ മൊയ്ത്ര ചോദ്യം ചെയ്തു രംഗത്തെത്തി. 

മഹുവ മൊയ്ത്ര അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ് വേഡും പങ്കിട്ടിരുന്നതായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹുവയുടെ പേരില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ ലക്ഷ്യം വെച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനും നാണം കെടുത്താനുമായിരുന്നു പദ്ധതിയിട്ടത്. പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിപക്ഷം ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് സത്യവാങ്മൂലത്തിന്റെ കരട് തയ്യാറാക്കിയത്. എന്നിട്ട് നിര്‍ബന്ധം ചെലുത്തി സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. 

സത്യവാങ്മൂലത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ കുടുംബ ബിസിനസ് അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ദര്‍ശന്‍ ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി. 20 മിനുട്ടിനുള്ളില്‍ സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടുവെന്നും  മഹുവ കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതായി ബിജെപി എംപി നിഷികാന്ത് ദുബെയാണ് പരാതി നല്‍കിയത്. 

അദാനി ഗ്രൂപ്പിന്റെ എതിരാളിയായ ഹിരാനന്ദാനി ഗ്രൂപ്പിനു വേണ്ടിയാണ് മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കുന്നതെന്ന് അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്‌റായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ പരാതി നൽകിയത്. ലോക്സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയിരുന്നു എന്നുമാണ് ആരോപിച്ചിരുന്നത്. 

ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകനുമെതിരെ മഹുവ മൊയ്ത്ര ചൊവ്വാഴ്‌ച വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലോക്‌സഭാ അംഗമെന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ താൻ സ്വീകരിച്ചുവെന്ന ആരോപണങ്ങൾ അപകീർത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com