ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണയാത്ര നിര്‍ത്തിവെയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേന്ദ്രത്തിന് തിരിച്ചടി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രചാരണയാത്ര നടത്താന്‍ ഒരുങ്ങിയ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രചാരണയാത്ര നടത്താന്‍ ഒരുങ്ങിയ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ച് നടത്താന്‍ തീരുമാനിച്ച 'രഥ് യാത്ര' നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ അഞ്ച് വരെ യാത്ര നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.

നിയമസസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നി അഞ്ച് സംസ്ഥാനങ്ങളില്‍ പെരുമാറ്റചട്ടം ഇതിനകം തന്നെ നിലവില്‍ വന്നു. പെരുമാറ്റചട്ടം നിലവില്‍ വന്ന മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചുവരെ യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഥയാത്ര നടത്തി 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ 'രഥ് പ്രഭാരി' (സ്‌പെഷല്‍ ഓഫീസര്‍) ആയി നിയമിക്കാന്‍ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രചാരക് ആക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് നടപടിയെന്നും ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നും പ്രതിപക്ഷസഖ്യമായ 'ഇന്ത്യ'ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. നവംബര്‍ 20 മുതല്‍ ജനുവരി 25 വരെ'വികസിത് ഭാരത് സങ്കല്പയാത്ര'യെന്ന പേരില്‍ രഥയാത്ര നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com