ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.‍

സെപ്റ്റംബർ 9,10 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്. ഇതിന് പുറമെ, സെപ്റ്റംബർ 11ന് ഡൽഹി-രെവാറി എക്‌സ്പ്രസ് സ്‌പെഷ്യലും രെവാരി-ഡൽഹി എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 

ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത്  സെപ്റ്റംബർ എട്ട് മുതൽ 10 വരെ ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തിക്കില്ല.ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നൽകിയത്. ഡൽഹി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയ നേതാക്കളെല്ലാം ഉച്ചകോടിയിൽ സംബന്ധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com