സനാതന ധര്‍മ്മം എന്നാല്‍ തൊട്ടുകൂടായ്മ; എങ്ങനെ അംഗീകരിക്കും?: പ്രകാശ് അംബേദ്കര്‍

സനാതന ധര്‍മ്മത്തിന് എതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി വഞ്ചിത് ബഹുജന്‍ അഘാഡി ദേശീയ അധ്യക്ഷനും ബി ആര്‍ അംബേദ്കറിന്റെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍
പ്രകാശ് അംബേദ്കര്‍
പ്രകാശ് അംബേദ്കര്‍

സനാതന ധര്‍മ്മത്തിന് എതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി വഞ്ചിത് ബഹുജന്‍ അഘാഡി ദേശീയ അധ്യക്ഷനും ബി ആര്‍ അംബേദ്കറിന്റെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍. ' സനാതന ധര്‍മ്മം സമം തൊട്ടുകൂടായ്മ' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 'സനാതന ധര്‍മ്മം അയിത്തത്തില്‍ വിശ്വസിക്കുന്നു. സനാതന ധര്‍മ്മത്തെ എങ്ങനെ നമുക്ക് അംഗീകരിക്കാന്‍ സാധിക്കും?' അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കുറിച്ചു. 

വിഷയത്തില്‍ ഉദയനിധി സ്റ്റാലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തുവന്നിരുന്നു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

ഉദനിധിയുടെ പ്രസ്താനവില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലും അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. ഉദയനിധി രാഷ്ട്രീയത്തില്‍ താരതമ്യേന ജൂനിയര്‍ ആണെന്നും അതുകൊണ്ടാണ് ഇത്തരം പരാമര്‍ശം ഉണ്ടായതെന്നും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. 

'എല്ലാ മതങ്ങള്‍ക്കും വെവ്വേറെ വികാരങ്ങളുണ്ട്. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മള്‍ ഇടപെടരുത്. ഞാന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നു. ഋഗ്വേദവും അഥര്‍വവേദവും അതില്‍ നിന്നാണ് നാം അറിയുന്നത്. ഒരുപാട് വൈദികര്‍ക്ക് എന്റെ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നു. അവര്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നുമുണ്ട്' മമത കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com