രണ്ടുദിവസത്തെ അനിശ്ചിതത്വം; ഡല്‍ഹിയില്‍ 'കുടുങ്ങിയ' ട്രൂഡോ ഒടുവില്‍ കാനഡയിലേക്ക് മടങ്ങി

36 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ നിന്ന് മടങ്ങി
ജസ്റ്റിന്‍ ട്രൂഡോയെ രാജീവ് ചന്ദ്രശേഖര്‍ യാത്രയാക്കുന്നു/ എക്‌സ്
ജസ്റ്റിന്‍ ട്രൂഡോയെ രാജീവ് ചന്ദ്രശേഖര്‍ യാത്രയാക്കുന്നു/ എക്‌സ്

ന്യൂഡല്‍ഹി: 36 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ നിന്ന് മടങ്ങി. വിമാനത്തിന്റെ യന്ത്രത്തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് അദ്ദേഹവും സംഘവും മടങ്ങിയത്. ട്രൂഡോയെ യാത്രയാക്കാനായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ട്രൂഡോയും കനേഡിയന്‍ പ്രതിനിധി സംഘവും രണ്ടുദിവസമായി ഡല്‍ഹിയില്‍ തന്നെ തുടരുകയായിരുന്നു. 

ട്രുഡോ എത്തിയ എയര്‍ബസ് വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ, ട്രൂഡോ ഹോട്ടലില്‍ തങ്ങുകയായിരുന്നു. പിന്നാലെ കനേഡിയന്‍ സര്‍ക്കാര്‍, എയര്‍ ഫോഴ്‌സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിടേണ്ടിവന്നു. വിമാനം വഴിതിരിച്ചു വിട്ടതിന്റെ കാരണം കാനഡ വ്യക്തമാക്കിയിട്ടില്ല. 

ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ജി 20 ഉച്ചകോടിക്കു ശേഷം ഞായറാഴ്ച രാത്രി മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. ഈ സമയത്ത് ട്രുഡോയും മകന്‍ സേവ്യറും വിമാനത്താവളത്തിലെത്തിയിരുന്നില്ല. അവര്‍ ഹോട്ടലില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തിയ മറ്റു പ്രതിനിധി സംഘാംഗങ്ങളും ഹോട്ടലിലേക്ക് മടങ്ങി.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് പരസ്യ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ യാത്രാ തടസ്സവും നേരിടേണ്ടിവന്നത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ട്രൂഡോ ലോക രാജ്യങ്ങള്‍ക്കിടയില്‍ അപമാനിതനായെന്ന് കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളും പരിഹസിച്ചു. കാനഡയിലെ ഖലിസ്ഥാന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ട്രൂഡോയ്ക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചത്. കാനഡയില്‍ തീവ്രവാദ സംഘടനകള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് മോദി കടുത്ത ആശങ്കകള്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യം തുടരുന്ന സാഹചര്യത്തില്‍ മോദിയും ട്രൂഡോയും തമ്മില്‍ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com