പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം 

വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം



ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. മന്ത്രിസഭ യോഗത്തിന് മുന്‍പായി, ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 

മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തെന്നാണ് റിപ്പോര്‍ട്ട്.

വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്സഭ സമ്മേളിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com