പ്രതിദിനം 5000 രൂപ വരെ ലാഭം, ചതിക്കുഴിയില്‍ വീഴ്ത്തിയത് സാമൂഹിക മാധ്യമങ്ങള്‍ വഴി; 854 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ വീണത് ആയിരങ്ങള്‍, അറസ്റ്റ് 

നിക്ഷേപ പദ്ധതിയുടെ മറവില്‍ 854 കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: നിക്ഷേപ പദ്ധതിയുടെ മറവില്‍ 854 കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആയിരക്കണക്കിന് ആളുകളെ നിക്ഷേപ പദ്ധതിയില്‍ ചേര്‍ത്താണ് കബളിപ്പിച്ചത്. ബംഗളൂരു സ്വദേശികളായ മനോജ്, പനീന്ദ്ര, ചക്രധര്‍, ശ്രീനിവാസ്, സോമശേഖര്‍, വസന്ത് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.

വാട്‌സ്ആപ്പ്, ടെലിഗ്രാം വഴിയാണ് ഇവര്‍ ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തിയത്. പ്രതിദിനം ആയിരം മുതല്‍ 5000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരം രൂപ മുതല്‍ പതിനായിരം രൂപ നിക്ഷേപിക്കാനാണ് ആളുകളോട് പ്രതികള്‍ ആവശ്യപ്പെട്ടത്. ഇത് വിശ്വസിച്ച് ആയിരക്കണക്കിന് ആളുകള്‍ ഒരു ലക്ഷം രൂപ മുതല്‍ പത്തുലക്ഷം രൂപ വരെ നിക്ഷേപിച്ചതായും പൊലീസ് പറയുന്നു.

നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആളുകളെ കെണിയില്‍ വീഴ്ത്തിയത്. മികച്ച നേട്ടം ലഭിക്കുന്നതിന് നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിച്ചു. എന്നാല്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുകയോ വാഗ്ദാനം ചെയ്ത ലാഭം കൊടുക്കുകയോ ചെയ്തില്ല.രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ 5013 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു. 

ഇത്തരത്തില്‍ സ്വരുക്കൂട്ടിയ 854 കോടി രൂപ 84 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇതില്‍ പല അക്കൗണ്ടുകള്‍ തുറന്നത്. ഇതില്‍ അഞ്ചു കോടി രൂപ മരവിപ്പിച്ചതായും കമ്മീഷണര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയാണ് വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. നിക്ഷേപ പ്രക്രിയ പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇത്തരത്തില്‍ സ്വരുക്കൂട്ടിയ മുഴുവന്‍ പണവും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയോ, പണമായി പിന്‍വലിച്ചോ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്.ക്രിപ്‌റ്റോ, പേയ്‌മെന്റ് ഗേറ്റ് വേ, ഗെയിമിങ്ങ് ആപ്പുകള്‍ എന്നി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലേക്കാണ് മൊത്തം പണവും കൈമാറിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com