മഹന്ത് ബാലക് നാഥ്, ദിയാ കുമാരി/ ഫയൽ
മഹന്ത് ബാലക് നാഥ്, ദിയാ കുമാരി/ ഫയൽ

വരുമോ പുതിയ മുഖങ്ങള്‍?; മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം, പരിഗണനയില്‍ ഇവര്‍

യുപിയിലെ യോഗിക്ക് പിന്നാലെ രാജസ്ഥാനിലും മറ്റൊരു യോഗി ഭരണതലപ്പത്തേക്ക് വരാനുള്ള സാധ്യതയും തള്ളാനാകില്ല

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരം നേടിയ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി. രാജസ്ഥാനില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള താല്‍പ്പര്യം വസുന്ധര രാജ സിന്ധ്യ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അതേസമയം വസുന്ധരയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുമുണ്ട്. 

രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് വസുന്ധര രാജ. 70 കാരിയായ വസുന്ധര ഝല്‍റാപട്ടണയില്‍ നിന്നും അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി സ്ഥാപക നേതാവ് വിജയരാജ സിന്ധ്യയുടെ മകളാണ്. 1984ല്‍ ബിജെപിയില്‍ ചേര്‍ന്ന വസുന്ധര മൂന്നു തവണ നിയമസഭയിലേക്കും അഞ്ചു തവണ ലോക്‌സഭയിലേക്കും വിജയിച്ചിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. 

ജയ്പൂര്‍ രാജകുടുംബാംഗമായ ദിയാകുമാരിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിലവില്‍ സവായ് മധേപൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. വിദ്യാനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ദിയാ കുമാരി നിയമസഭയിലേക്ക് വിജയിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. 

യുപിയിലെ യോഗിക്ക് പിന്നാലെ രാജസ്ഥാനിലും മറ്റൊരു യോഗി ഭരണതലപ്പത്തേക്ക് വരാനുള്ള സാധ്യതയും തള്ളാനാകില്ല. മഹന്ത് ബാലക് നാഥ് യോഗിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 40 കാരനായ ബാലക് നാഥ് ടിജാര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. നിലവില്‍ ആല്‍വാറില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ് മഹന്ത് ബാലക് നാഥ്. 

സംസ്ഥാന രാഷ്ട്രീയത്തില്‍ ഡോക്ടര്‍ സാഹേബ് എന്നറിയപ്പെടുന്ന കിരോരി മാല്‍ മീണ, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സിപി ജോഷി, ജാട്ട് നേതാവ് സതീഷ് പൂനിയ തുടങ്ങിയ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രനേതൃത്വം ഉടന്‍ തീരുമാനിച്ചേക്കും. 

മധ്യപ്രദേശില്‍ ചൗഹാന്‍ മാറുമോ?

മധ്യപ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനപ്രീതിയുള്ള ചൗഹാനെ മാറ്റുന്നത് തിരിച്ചടിയായേക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധ വികാരം മറികടന്ന് ബിജെപി സംസ്ഥാനത്ത് വന്‍കുതിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെ ജനപ്രീതി കൊണ്ടാണെന്നാണ് ചൗഹാനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. 

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്‌ലാദി സിങ് പട്ടേല്‍, മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ തുടങ്ങിയ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മധ്യപ്രദേശില്‍ 230 സീറ്റില്‍ 163 ഇടത്ത് വിജയിച്ചാണ് ബിജെപി ഭരണത്തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്നത്. 

ഛത്തീസ്ഗഡില്‍ നേതാവാര്?

ഛത്തീസ് ഗഡില്‍ മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍ സിങ്ങിന്റെ പേരിനാണ് മുന്‍തൂക്കം. രാജ്‌നന്ദ് ഗാവില്‍ നിന്നാണ് രമണ്‍ സിങ് നിയമസഭയിലേക്ക് വിജയിച്ചത്. മൂന്നു തവണ സംസ്ഥാന മുഖ്യമന്ത്രിയായിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാഹുവാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു പ്രമുഖന്‍. 

ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 90 അംഗ നിയമസഭയില്‍ ബിജെപി 54 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. കോണ്‍ഗ്രസ് 35 സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും തോറ്റു. ഉപമുഖ്യമന്ത്രിയായിരുന്ന കെപി സിങ് ദേവ് 94 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com