'ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവിൽ രഹസ്യ വിവരങ്ങൾ ചോർത്തി'- മനീഷ് സിസോദിയക്കെതിരെ പുതിയ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 07:48 PM  |  

Last Updated: 16th March 2023 07:48 PM  |   A+A-   |  

Manish_Sisodia_EPS

മനിഷ് സിസോദിയ/ഫയല്‍

 

ന്യൂഡ‍ൽഹി: മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. ഡൽഹി സർക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവിൽ രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് നിലവിൽ ജയിലിൽ കഴിയുന്ന സിസോദിയക്കെതിരെ പുതിയ കേസെടുത്തത്. മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുന്നത്. 

വിഷയത്തിൽ സിസോദിയക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. പിന്നാലെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസ്.

എഎപി സർക്കാർ 2015ലാണ് അഴിമതി തടയൽ ലക്ഷ്യമിട്ട് ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിച്ചത്. പ്രാഥമികാന്വേഷണം നടത്തിയ സിബിഐ രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. ഫീഡ്ബാക്ക് യൂണിറ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടത്തിനുള്ള വിവരങ്ങള്‍ ചോര്‍ത്തുന്ന രഹസ്യാന്വേഷണ വിഭാഗമായാണ് ഫീഡ്ബാക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യനയക്കേസില്‍ ഫെബ്രുവരി 26നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അറസ്റ്റിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരുണാചല്‍ ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ