തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ; 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; വമ്പന്‍ വാദ്ഗാനങ്ങളുമായി കോണ്‍ഗ്രസ് 

ഗൃഹലക്ഷ്മി പദ്ധതി പ്രകാരം വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം സഹായധനം നല്‍കും
കോൺ​ഗ്രസ് പ്രസിഡന്റ് ഖാർ​ഗെ പ്രസം​ഗിക്കുന്നു/ ഫെയ്സ്ബുക്ക്
കോൺ​ഗ്രസ് പ്രസിഡന്റ് ഖാർ​ഗെ പ്രസം​ഗിക്കുന്നു/ ഫെയ്സ്ബുക്ക്

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ വമ്പന്‍ വാദ്ഗാനങ്ങളുമായി കോണ്‍ഗ്രസ്. തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കും. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ വീതവും നല്‍കും. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്നു. 

യുവനിധി എന്ന പേരിലാണ് തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സഹായധനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പിലാക്കും. കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചേര്‍ന്ന് പദ്ധതി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അന്നഭാഗ്യ എന്ന പേരില്‍ സൗജന്യ റേഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മാസം 10 കിലോ അരി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ജനുവരിയില്‍ ഗൃഹലക്ഷ്മി എന്ന പദ്ധതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗൃഹലക്ഷ്മി പദ്ധതി പ്രകാരം വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം സഹായധനം നല്‍കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഒന്നര കോടി വീട്ടമ്മമാര്‍ക്ക് ഗുണം ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com