തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആതിഖ് അഹമ്മദിനും കൂട്ടാളികള്‍ക്കും ജീവപര്യന്തം; തൂക്കിലേറ്റണമെന്ന് യോഗിയോട് ഉമേഷ് പാലിന്റെ അമ്മ

കേസില്‍ മറ്റ് രണ്ടു പ്രതികളും കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
കനത്ത സുരക്ഷയില്‍ പ്രതി ആതിഖ് അഹമ്മദിനെ പ്രയാഗ് രാജ് കോടതിയില്‍ എത്തിച്ചപ്പോള്‍/ പിടിഐ
കനത്ത സുരക്ഷയില്‍ പ്രതി ആതിഖ് അഹമ്മദിനെ പ്രയാഗ് രാജ് കോടതിയില്‍ എത്തിച്ചപ്പോള്‍/ പിടിഐ

ന്യൂഡല്‍ഹി: ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകക്കേസില്‍ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ 2006ല്‍ തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ എസ്പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവുശിക്ഷ. കേസില്‍ മറ്റ് രണ്ടു പ്രതികളും കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസില്‍ അഹമ്മദിന്റെ സഹോദരന്‍ ഖാലിദ് അസീം ഉള്‍പ്പടെ ആറ് പേരെ കോടതി വെറുതെ വിട്ടു. 

അഹമ്മദിനെ കൂടാതെ അഭിഭാഷകരായ സൗലത്ത് ഹനീഫ്, ദിനേശഷ് പാസി എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തി പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2005 ജനുവരി 25നാണ് എംഎല്‍എ ആയിരുന്ന രാജുപാല്‍ കൊല്ലപ്പെട്ടത്. അന്നത്തെ കൊലപാതകത്തിന് സാക്ഷിയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഉമേഷ് പൊലീസിനോട് പറഞ്ഞിരുന്നു. അതിന് പിന്നാലെ മൊഴിയില്‍ നിന്ന് പിന്‍മാര്‍ അഹമ്മദ് സമ്മര്‍ദം ചെലുത്തിയെങ്കിലും ഉമേഷ് പാല്‍ തയ്യാറായില്ല. തുടര്‍ന്ന് 2006 ഫെബ്രുവരി 28ന് തോക്കൂചൂണ്ടി ഉമേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 2207ല്‍ ജൂലായില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അവരില്‍ ഒരാള്‍ പിന്നിട് മരിച്ചു. ഫെബ്രുവരി 24ന് വീടിന് സമീപത്തുവച്ചാണ് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. 

അതേസമയം, ആതീഖ് അഹമ്മദിന് വധശിക്ഷ നല്‍കണമെന്നും, തൂക്കിലേറ്റണമെന്നും ഉമേഷ് പാലിന്റെ അമ്മയും ഭാര്യയും ആവശ്യപ്പെട്ടു. പ്രയാഗ് രാജ് കോടതി വിധി വന്നതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. 'എന്റെ മകനെ തട്ടിക്കൊണ്ടുപോയതിന് (അതിഖ് അഹമ്മദ്) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു, എന്നാല്‍ എന്റെ മകനെ കൊലപ്പെടുത്തിയതിന് അയാള്‍ക്ക് വധശിക്ഷ നല്‍കണം. എനിക്ക് യുപി മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്.' - ഉമേഷ് പാലിന്റെ അമ്മ പറഞ്ഞു

ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയില്‍ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള ആതിഖിന്റ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം, സുരക്ഷയ്ക്കായി ആതിഖ് അഹമ്മദിന് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ്, നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ ജയിലില്‍നിന്നു യുപിയിലെ പ്രയാഗ്രാജ് ജയിലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയത് വാര്‍ത്തയായിരുന്നു. പ്രത്യേക സെല്‍, സിസിടിവി ക്യാമറകള്‍, ജയിലിനകത്തും പുറത്തും കര്‍ശന സുരക്ഷ തുടങ്ങിയവയാണ് ആതിഖിനെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com