ഡികെ ശിവകുമാര്‍/ഫയല്‍
ഡികെ ശിവകുമാര്‍/ഫയല്‍

'135 പേരാണ് എന്റെ കരുത്ത്'; ഡല്‍ഹി യാത്ര റദ്ദാക്കി ഡികെ

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ പറയുന്നത്.

ബംഗളൂരു: ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്കായുള്ള ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കി കര്‍ണാടക പ്രസിഡന്റ് ഡികെ ശിവകുമാര്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ പറയുന്നത്. അതേസമയം തനിക്ക് 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. 

കര്‍ണാടകയില്‍ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നല്‍കിയ വാക്ക് പാലിച്ചു. 'ഇന്ന് എന്റെ ജന്മദിനമാണ്. ഞാന്‍ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്‌. ഇന്ന് വൈകീട്ട് ഡല്‍ഹിക്ക് തിരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. 

കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. സര്‍വജ്ഞ നഗറില്‍ നിന്നും ജയിച്ച മലയാളി കൂടിയായ കെ ജെ ജോര്‍ജും ഒപ്പമുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, എഐസിസി നിയോഗിച്ച മൂന്നംഗ കേന്ദ്രനിരീക്ഷകര്‍ എന്നിവരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിരീക്ഷകര്‍ എംഎല്‍എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ഈ റിപ്പോര്‍ട്ടും നിര്‍ണായകമാകും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും, ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും ആഗ്രഹം ഉണ്ടാകുക സ്വാഭാവികമാണെന്ന് സുര്‍ജേവാല പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട നേതാക്കളാണ്. ആര്‍ക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com