40 സീറ്റ് പോലും നേടുമെന്നുറപ്പില്ല, കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ നേരിടുന്നത് കാണണം, വിമര്‍ശനവുമായി മമത

തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബാനര്‍ജിയുടെ പരാമര്‍ശം
മമത ബാനര്‍ജി
മമത ബാനര്‍ജിഫയല്‍

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ പോലും നേടാനാകുമെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ നേരിടുന്നത് കാണണം എന്നു മമത പറഞ്ഞു.

ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പരാമര്‍ശം.

സഖ്യത്തിന് ഞങ്ങള്‍ തയ്യാറായിരുന്നു. അവര്‍ക്ക് രണ്ട് സീറ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിച്ചു. ഇപ്പോള്‍ അവര്‍ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കട്ടെ. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ ഒരു സംഭാഷണവും ഉണ്ടായിട്ടില്ല- മമത പറഞ്ഞു. ഒറ്റയ്ക്ക് പോരാടി ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

മമത ബാനര്‍ജി
ഭര്‍ത്താവിന്റെ സാമ്പത്തിക നില മനസിലാക്കാതെ ഭാര്യ വിചിത്രമായ ആഗ്രഹങ്ങള്‍ ഉന്നയിച്ചു; വിവാഹമോചനം അനുവദിച്ച് കോടതി

പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തൃണമൂലുമായി അനുരഞ്ജനത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ മമത ഉറച്ചു നില്‍ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയെ നേരിടാനും അതിനെ പരാജയപ്പെടുത്താനും കോണ്‍ഗ്രസിനെ മമത വെല്ലുവിളിച്ചു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ യുപി, ബനാറസ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തൂ. മണിപ്പൂര്‍ കത്തുമ്പോള്‍ നിങ്ങള്‍ (കോണ്‍ഗ്രസ്) എവിടെയായിരുന്നു? - മമത ചോദിച്ചു

ബംഗാളിലെ ആറ് ജില്ലകളിലൂടെ സഞ്ചരിച്ച കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ ന്യായ് യാത്രയെയും മമത ശക്തമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശാടനപക്ഷികളുടെ ഫോട്ടോ എടുക്കാനുള്ള അവസരമാണെന്നായിരുന്നു ന്യായ് യാത്രയെ മമത ഉപമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com