കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും കിട്ടാന്‍ പ്രാര്‍ഥിക്കുന്നു; നെഹ്രു സംവരണത്തെ എതിര്‍ത്തു; കടന്നാക്രമിച്ച് നരേന്ദ്ര മോദി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം.
നരേന്ദ്രമോദി
നരേന്ദ്രമോദിഎക്‌സ്

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കട്ടെയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടെന്നും പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെ മോദി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മോദി പരിഹസിച്ചു. പാര്‍ലമെന്റില്‍ അവസരം കിട്ടില്ലെന്ന രീതിയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നത്. സ്‌പെഷല്‍ കമാന്‍ഡര്‍ പാര്‍ലമെന്റില്‍ എത്താത്തതിനാലാണ് ഖാര്‍ഗെയ്ക്ക് അവസരം കിട്ടുന്നതെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ഞാന്‍ വളരെ ശ്രദ്ധയോടെ കേട്ടു. ലോക്‌സഭയില്‍ നമ്മള്‍ നേരിട്ട 'നേരമ്പോക്കി'ന്റെ അഭാവം അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ നികത്തപ്പെട്ടു. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയെ പരോക്ഷമായി വിമര്‍ശിച്ചാണ് പരാമര്‍ശം.

ബിജെപിക്ക് 400 സീറ്റുകള്‍ ലഭിക്കുമെന്ന ഖാര്‍ഗെയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവചനം യാഥാര്‍ഥ്യമാകട്ടെയെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഞങ്ങള്‍ അതില്‍ സഹതപിക്കുന്നുണ്ട്. പക്ഷേ വൈദ്യന്‍ തന്നെ രോഗിയാകുമ്പോള്‍ എന്തു ചെയ്യാനാകും.

വടക്കേയിന്ത്യയെയും തെക്കേയിന്ത്യയെയും ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സ്വാര്‍ഥ താത്പര്യത്തിനായി കോണ്‍ഗ്രസ് ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. സ്വാതന്ത്ര്യത്തിന് ശേഷവും കോണ്‍ഗ്രസ് അടിമത്ത മനോഭാവം തുടരുകയാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് എല്ലായ്പ്പോഴും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും എതിരായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ജോലിയില്‍ ഒരു തരത്തിലുള്ള സംവരണത്തെയും അനുകൂലിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. ഇത് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി നെഹ്റു അന്നത്തെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്ത് മോദി വായിച്ചു. 'ഒരു തരത്തിലുള്ള സംവരണവും എനിക്ക് ഇഷ്ടമല്ല, പ്രത്യേകിച്ച് സേവനങ്ങളില്‍. കാര്യക്ഷമതയില്ലായ്മയിലേക്കും രണ്ടാംനിര നിലവാരത്തിലേക്കും നയിക്കുന്ന എന്തിനെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.

നരേന്ദ്രമോദി
15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും ബിജെപിയില്‍; തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com