ഇന്ധനത്തിനായി നെട്ടോട്ടം, പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര; ട്രക്ക് സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍;  വീഡിയോ

ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കുണ്ടായത്.
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സ്‌റ്റോക്ക് ഇല്ലെന്ന് പതിച്ച പോസ്റ്റര്‍/ പിടിഐ
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സ്‌റ്റോക്ക് ഇല്ലെന്ന് പതിച്ച പോസ്റ്റര്‍/ പിടിഐ


ന്യൂഡല്‍ഹി: കേന്ദ്രം സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കുണ്ടായത്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ പമ്പുകളിലാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നത്.

രാജ്യത്തെ നിരവധി ഇന്ധന പമ്പുകളില്‍ ഇതിനകം പെട്രോളിന്റെയും ഡീസലിന്റെയും സ്റ്റോക്ക് തീര്‍ന്നു. ചെറുപട്ടണങ്ങളെയും ഗ്രാമപ്രദേശങ്ങളെയുമാണ് നിലവില്‍ ഇന്ധനക്ഷാമം ബാധിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. ഭാരതീയ ന്യായ് സംഹിതയിലെ 104-ാം വകുപ്പ് പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.അതുപോലെ, മരണത്തിന് ഇടയാക്കുന്ന അപകടമുണ്ടായാല്‍ വിവരം ഉടന്‍ പോലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 10 കൊല്ലം വരെ തടവും പിഴയുമാണ് ലഭിക്കുക. ഇതാണ് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. 

ഭാരതീയ ന്യായ് സംഹിതയിലെ നിയമം കരിനിയമമാണ് എന്ന് ഓള്‍ പഞ്ചാബ് ട്രക്ക് ഓപ്പറേറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഹാപ്പി സിദ്ധു പറഞ്ഞു. പഞ്ചാബിലെ ട്രക്ക് ഡ്രൈവര്‍മാരെ ഈ നിയമം നശിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു.ആയിരക്കണക്കിന് ഇന്ധനടാങ്കറുകളുടെ ഡ്രൈവര്‍മാരും സമരത്തില്‍ അണി നിരന്നതോടെയാണ് ഇന്ധനവിതരണം പ്രതിസന്ധിയിലായത്. സമരം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ നഗരങ്ങളില്‍ ഇന്ധനപ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്.

നവി മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ കൂട്ടമായി എത്തിയ ട്രക്ക് ഡ്രൈവര്‍മാര്‍ പൊലീസുകാരനെ ആക്രമിച്ചിരുന്നു.  മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ച സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.മധ്യപ്രദേശിലെ ധറില്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരും ട്രക്ക് ഡ്രൈവര്‍മാരും പിതംപുര്‍ ദേശീയപാത ഉപരോധിച്ചു. ഭോപ്പാലിലും ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com