'പ്രതീക്ഷകളെല്ലാം നഷ്ടമായി, ഇതിലും ഭേദം മരണം'; ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കണ്ണീരണിഞ്ഞ് വികാരഭരിതനായി നരേഷ് ഗോയല്‍ 

കാന്‍സര്‍ രോഗത്തിന് ചികിത്സിക്കുന്ന ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് നരേഷ് ഗോയല്‍ പറഞ്ഞു.
നരേഷ് ഗോയല്‍/ ഫോട്ടോ: എക്‌സ്പ്രസ്സ് ഫയല്‍
നരേഷ് ഗോയല്‍/ ഫോട്ടോ: എക്‌സ്പ്രസ്സ് ഫയല്‍

മുംബൈ: പ്രത്യേക കോടതിക്കുമുന്നില്‍ വികാരഭരിതനായി കണ്ണീരണിഞ്ഞ് വായ്പാത്തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന 
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ നരേഷ് ഗോയല്‍ പ്രത്യേക കോടതിയില്‍ പറഞ്ഞു. ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പിയായിരുന്നു നരേഷ് ഗോയലിന്റെ വാക്കുകള്‍. ഭാര്യയുടേയും മക്കളുടേയും സ്വന്തം ആരോഗ്യാവസ്ഥയും മാനസികാവസ്ഥയും എടുത്ത് പറഞ്ഞാണ് നരേഷ് ഗോയല്‍ വികാരഭരിതനായത്. 

കാന്‍സര്‍ രോഗത്തിന് ചികിത്സിക്കുന്ന ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് നരേഷ് ഗോയല്‍ പറഞ്ഞു. തന്റെ ആരോഗ്യനില വളരെ മോശം അവസ്ഥയാണ്. ഭാര്യയുടെയും ഏക മകളുടേയും അവസ്ഥയും വളരെ മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവെച്ചു. വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ല. മൂത്രമൊഴിക്കുമ്പോള്‍ നല്ല വേദനയും ചിലപ്പോള്‍ രക്തവും പുറത്തുപോവുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത് സഹതടവുകാര്‍ക്കൊപ്പമാണ് ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഈ യാത്ര ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതും സഹിക്കാന്‍ കഴിയാത്തതുമാണ്. ആശുപത്രിയില്‍ രോഗികളുടെ തിരക്കുകാരണം ആവശ്യമുള്ള സമയത്ത് ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. ഇതെല്ലാം തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജെ ജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണ് ഭേദമെന്നും നരേഷ് ഗോയല്‍ ജഡ്ജിക്കുമുമ്പാകെ പറഞ്ഞു.

കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ആര്‍തര്‍ ജയിലിലാണ് നരേഷ് ഗോയല്‍ കഴിയുന്നത്. ഗോയലിനെ നിരീക്ഷിച്ചപ്പോള്‍ ശരീരം വിറയ്ക്കുന്നതായി കണ്ടുവെന്ന് ജഡ്ജി കോടതി രേഖകളില്‍ കുറിച്ചു. സംസാരിക്കുമ്പോഴും  ശരീരം മുഴുവന്‍ വിറച്ചിരുന്നുവെന്നും ജഡ്ജി രേഖകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരോഗ്യപരമായി എല്ലാ സഹായവും ചെയ്ത് നല്‍കാമെന്ന് നരേഷ് ഗോയലിനോട് ജഡ്ജി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com