കൈയില്‍ 14000 രൂപ, വിശാഖപട്ടണത്ത് നിന്നും കപ്പല്‍ വഴി കൊറിയയിലേക്ക് കടക്കാന്‍ പദ്ധതി; പെണ്‍കുട്ടികളുടെ 'ബിടിഎസ് മോഹം', 'പൊളിഞ്ഞത്' ഇങ്ങനെ 

കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടു വിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ കൊറിയയിലേക്ക് പോകാന്‍ ആദ്യം പദ്ധതിയിട്ടത് ഡിസംബറില്‍ എന്ന് റിപ്പോര്‍ട്ട്
ബിടിഎസ് പ്രകടനം ആസ്വദിക്കുന്ന സദസ്, ഫയൽ
ബിടിഎസ് പ്രകടനം ആസ്വദിക്കുന്ന സദസ്, ഫയൽ

ചെന്നൈ: കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടു വിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ കൊറിയയിലേക്ക് പോകാന്‍ ആദ്യം പദ്ധതിയിട്ടത് ഡിസംബറില്‍ എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന നിമിഷം പ്ലാന്‍ പൊളിയുകയായിരുന്നു. കഴിഞ്ഞ ദിവസം മനസില്‍ ഏറെനാളായി കൊണ്ടുനടക്കുന്ന ആഗ്രഹം നിറവേറ്റാന്‍ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ബിടിഎസ് സംഘത്തെ കാണാന്‍ 14000 രൂപയുമായാണ് 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെല്ലൂര്‍ കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തമിഴ്നാട് കരൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെയാണ് 'കൊറിയന്‍ യാത്രയുടെ' കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്. ട്രെയിന്‍ മാര്‍ഗം ഈറോഡ് നിന്ന് ചെന്നൈയില്‍ എത്തി, അവിടെ നിന്ന് വിശാഖപട്ടണത്തേയ്ക്ക് പോയി കപ്പല്‍മാര്‍ഗം ദക്ഷിണ കൊറിയയില്‍ എത്താനാണ് കുട്ടികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്ര തുടങ്ങിയതിന് ശേഷം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് തിരിച്ചുപോകുമ്പോഴാണ് റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കൊറിയയിലേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചത്. 

കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് മൂവരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ഇവര്‍ കാട്പാടി സ്റ്റേഷനില്‍ ഇറങ്ങിയത്. വ്യാഴാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടികള്‍ ആദ്യം ചെന്നൈയില്‍ ആണ് എത്തിയത്. ഒരു ദിവസം അവിടെ താമസിച്ചു. 1200 രൂപ കൊടുത്ത് മുറിയെടുത്താണ് അവിടെ താമസിച്ചത്. ചെന്നൈയിലെ ഒരു ദിവസത്തെ താമസം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ക്ക് ക്ഷീണം തോന്നി തുടങ്ങി. ഇതോടെ കൊറിയയിലേക്ക് പോകാനുള്ള പ്ലാന്‍ വേണ്ടെന്ന് വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചുപോകുന്നതിനിടെയാണ് ചായ കുടിക്കാനായി കാട്പാടി സ്റ്റേഷനില്‍ ഇറങ്ങിയത്. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയത് അറിയാതെ ഭക്ഷണത്തിനായി കൂടുതല്‍ സമയം ചെലവഴിച്ചതോടെയാണ് ട്രെയിന്‍ നഷ്ടമായത്. സ്‌റ്റേഷനില്‍ കുടുങ്ങിയ കുട്ടികളെ കണ്ട് സംശയം തോന്നിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് നടന്ന സംഭവം കുട്ടികള്‍ വിവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com