ആണ്‍കുഞ്ഞു പിറക്കാത്തതിന് ഉത്തരവാദി മരുമകള്‍ അല്ല, മകനാണ്; മാതാപിതാക്കളെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി

സ്ത്രീയുടെ മൂല്യം പൊന്നിലും പണത്തിലുമെല്ലാം ആണെന്നു കരുതുന്നത് അന്തസ്സിനെയും തുല്യതയെയും പറ്റിയുള്ള പുതിയ സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആണ്‍കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളെ, അതിനുത്തരവാദി സ്വന്തം മകനാണെന്ന വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മകന്റെ ക്രോമസോമുകളാണ്, കുഞ്ഞ് ആണോ പെണ്ണോ ആവണം എന്നതില്‍ നിര്‍ണായകമാവുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പറഞ്ഞു.

ആണ്‍കുഞ്ഞു പിറക്കാത്തതിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. ഈ കാലഘട്ടത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നത് നടുക്കുന്നതാണെന്ന കോടതി പറഞ്ഞു.

സ്ത്രീയുടെ മൂല്യം പൊന്നിലും പണത്തിലുമെല്ലാം ആണെന്നു കരുതുന്നത് അന്തസ്സിനെയും തുല്യതയെയും പറ്റിയുള്ള പുതിയ സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പിന്തിരിപ്പന്‍ ചിന്താഗതിയെയാണ് ഇത് കാണിക്കുന്നത്. മകള്‍ക്കു നല്ലൊരു പുതു ജീവിതം പ്രതീക്ഷിച്ചാണ് മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് അയക്കുന്നത്. അവിടെ അവള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് എത്രമാത്രം അസ്വസ്ഥജനകമാണെന്ന് കോടതി പറഞ്ഞു. 

എക്‌സ്, എക്‌സ് ക്രോമസോമുകളും എക്‌സ്, വൈ ക്രോമസോമുകളും ചേരുമ്പോഴാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജനിക്കുന്നത്. ഇത്തരത്തിലുള്ള സങ്കലനത്തില്‍ പുരുഷ ബീജത്തിലെ ക്രോമസോമുകളുടെ പങ്ക് നിര്‍ണായകമാണ്. ആണ്‍കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മതാപിതാക്കളെ ഈ ശാസ്ത്ര വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആണ്‍കുഞ്ഞു പിറക്കാതിരിക്കുന്നതിനു കാരണം സ്വന്തം മകന്റെ ക്രോമസോം ആണെന്ന കാര്യം അവര്‍ മനസ്സിലാക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ബോധവത്കരണം ഉപകരിക്കുമെന്ന് കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com