ബാഗ് ഡിക്കിയിലേക്ക് വലിച്ചെറിഞ്ഞു; പത്ത് മണിക്കൂര്‍ നീണ്ട യാത്രയില്‍ ഒരക്ഷരം പോലും മിണ്ടിയില്ല;  മകനെ കൊലപ്പെടുത്തിയതിന്റെ ഒരു കൂസല്‍ പോലും മുഖത്ത് കണ്ടില്ല; ടാക്‌സി ഡ്രൈവര്‍

ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ഗതാഗതകുരുക്കിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകി. പക്ഷേ ഒരിക്കല്‍ പോലും അവര്‍ അക്ഷമയുടെയോ പരിഭ്രാന്തിയോ കാണിച്ചില്ല.
സൂചന സേത്ത്
സൂചന സേത്ത്

ബംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പൊലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. 

തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

ജനുവരി ഏഴിന് നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ 'സോള്‍ ബനിയന്‍ ഗ്രാന്‍ഡെ' എന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തനിക്ക് ഒരു കോള്‍ വന്നതായി ഡ്രൈവര്‍ പറഞ്ഞു. രാത്രി ഹോട്ടലില്‍ നിന്ന് ഒരാളെ അടിയന്തരമായി ബംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചു. അവിടെയത്തിയപ്പോള്‍ റിസ്പഷിനില്‍ വച്ച് ബാഗ് കാറിലേക്ക് എടുത്തുവെക്കാന്‍ സൂചന തന്നോട് ആവശ്യപ്പെട്ടു. ബാഗിന് ഏറെ കനമുള്ളത് കൊണ്ട് കുറച്ച് സാധനങ്ങള്‍ എടുത്തുമാറ്റാമോ എന്ന് ചോദിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വലിച്ചെറിയേണ്ടിവന്നു. നോര്‍ത്ത് ഗോവയിലെ ബിച്ചോലിം ടൗണില്‍ എത്തിയപ്പോള്‍ ഒരു കുപ്പി വെള്ളം വേണമെന് മാത്രമാണ് അവര്‍ സംസാരിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞു.

ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ഗതാഗതകുരുക്കിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകി. പക്ഷേ ഒരിക്കല്‍ പോലും അവര്‍ അക്ഷമയുടെയോ പരിഭ്രാന്തിയോ കാണിച്ചില്ല. സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരു കോള്‍ ഒഴികെ ആരെയെങ്കിലും വിളിക്കുകയോ ചെയ്തില്ലെന്നും റെയ്ജോണ്‍ ഓര്‍ത്തെടുത്തു. 

'ട്രാഫിക് ബ്ലോക്ക് മാറാന്‍ ആറ് മണിക്കൂര്‍ എടുക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വേണമെങ്കില്‍ ഒരു യു-ടേണ്‍ എടുത്ത് എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിഷേധിച്ചു, ട്രാഫിക് തടസം മാറുമ്പോള്‍ നമുക്ക് പോകാമെന്നായിരുന്നു മറുപടി. പിന്നെ എനിക്ക് അത് അല്‍പ്പം വിചിത്രമായി തോന്നി. കാരണം ഒരു വശത്ത് അവര്‍ പോകാന്‍ തിരക്കിലായിരുന്നു. മറുവശത്ത് അവര്‍ ട്രാഫിക്കുണ്ടായിട്ടും പ്രശ്‌നമില്ലെന്ന് പറയുന്നു', റെയ്ജോണ്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് യാത്രക്കാരിയെ കുറിച്ച് സംശയാസ്പദമായ വിവരങ്ങള്‍ തന്നോട് പൊലീസ് പങ്കുവച്ചത്. ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നതായിരുന്നു പൊലീസ് പറഞ്ഞത്. ഉടന്‍ തന്നെ ഗൂഗില്‍ മാപ്പില്‍ പൊലീസ് സ്റ്റേഷന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.  ടോല്‍ പ്ലാസകൡ പൊലീസിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അടുത്ത് ഒരു റെസ്റ്റോറന്റില്‍ കാര്‍ നിര്‍ത്തി. പോലീസ് സ്റ്റേഷന്‍ എവിടെയാണെന്ന് ഗാര്‍ഡിനോട് അന്വേഷിച്ചു. അതിനിടെ അഞ്ഞൂറ് മീറ്റര്‍ അകലെ ഒരു പൊലീസ് സ്റ്റേഷന്‍ ഉണ്ടെന്ന് മനസിലാക്കി. അവിടേക്ക് പോകുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വരാന്‍ 15 മിനിറ്റ് നേരം എടുത്തെന്നും അപ്പോഴും മാഡം ശാന്തയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പൊലീസ് എത്തി യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി ജോണ്‍ പറഞ്ഞു. ഇത് മകനാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു മറുപടിയെന്നും താനും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചന നടപടികള്‍ പുരോഗമിക്കുകയാണെന്നും യുവതി പൊലീസിനോട് പറഞ്ഞതായി ഡ്രൈവര്‍ പറഞ്ഞു.

അതിനിടെ, ജക്കാര്‍ത്തയിലുള്ള മലായാളിയായ കുട്ടിയുടെ പിതാവ് നാട്ടിലെത്തി. കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com