'പാര്‍സലില്‍ എംഡിഎംഎ, കേസെടുത്തതായി ഭീഷണി'; അന്വേഷണ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടമായത് 1.2 കോടി 

വ്യാജ ഫെഡ്എക്‌സ് കുറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വ്യാജ ഫെഡ്എക്‌സ് കുറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പൊലീസ് പറയുന്നു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതിനിടെ 37 ലക്ഷം രൂപ വീണ്ടെടുക്കാന്‍ സാധിച്ചതായി ബംഗളൂരു പൊലീസ് അറിയിച്ചു.

ബംഗളൂരുവിലാണ് സംഭവം.ഫെഡ്എക്‌സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷം കെട്ടിയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും പണം തിരികെ നല്‍കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.

70കാരിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് തട്ടിപ്പിന് ഇരയായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. ആദ്യം വാട്‌സ്ആപ്പ് കോളാണ് ലഭിച്ചത്. അജ്ഞാത നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. താങ്കളുടെ പേരില്‍ ഒരു പാര്‍സല്‍ ഉണ്ടെന്നും അതില്‍ 240 ഗ്രാം എംഡിഎംഎയും പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും കണ്ടെത്തിയതായും തട്ടിപ്പുകാരന്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് തയ്‌വാനിലേക്കാണ് പാര്‍സല്‍ എന്നും അയാള്‍ പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ 70കാരി അത്തരത്തില്‍ ഒരു പാര്‍സലും അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ പാര്‍സല്‍ ഉപയോഗിക്കാന്‍ 70കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചതായും തട്ടിപ്പുകാരന്‍ പറഞ്ഞു. അതിനാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കേസെടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളിപ്പിച്ചതായി കണ്ടെത്തി എന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് അവര്‍ തട്ടിപ്പ് തുടര്‍ന്നത്. അതിനിടെ അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കാനും നിര്‍ദേശിച്ചു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പണം മുഴുവന്‍ തിരിച്ചു തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആരോടും ഇക്കാര്യം പറയരുതെന്ന് താക്കീത് ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഐടി നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച്് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com