ന്യൂഡല്‍ഹി: കടുത്ത മൂടല്‍മഞ്ഞ് രാജ്യത്ത് വിമാന സര്‍വീസുകളെ ബാധിച്ച പശ്ചാത്തലത്തില്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആറ് കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട ആറ് മെട്രോ വിമാനത്താവളങ്ങളില്‍ വാര്‍ റൂം തുറക്കും എന്നതാണ് ഇതില്‍ പ്രധാനം. യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് വാര്‍ റൂം തുറക്കുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ എക്‌സില്‍ കുറിച്ചു.
അതിശൈത്യത്തെ തുടര്‍ന്നുള്ള കടുത്ത മൂടല്‍മഞ്ഞില്‍ ഓരോ ദിവസവും നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകി ഓടുകയോ ആണ്. കഴിഞ്ഞദിവസം വിമാനം പുറപ്പെടാന്‍ വൈകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദ്ദിക്കുന്ന അവസ്ഥ വരെയുണ്ടായി. ഇതിന് പരിഹാരമെന്നോണം ഡിജിസിഎ ഇന്നലെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.
രാജ്യത്തെ പ്രധാനപ്പെട്ട ആറ് മെട്രോ വിമാനത്താവളങ്ങളില്‍ വാര്‍ റൂം തുറക്കുന്നതിന് പുറമേ വിമാനത്താവളങ്ങളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എല്ലാദിവസവും ആറു വിമാനത്താവളങ്ങളില്‍ നിന്ന് മൂന്ന് തവണ റിപ്പോര്‍ട്ട് തേടും. ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ 29l ല്‍ മൂടല്‍മഞ്ഞ് സാഹചര്യങ്ങളില്‍ പോലും ടേക്ക് ഓഫുകളും പുറപ്പെടലുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധം ക്രമീകരണം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക