പെറ്റിക്കേസുകളില്‍ സാമൂഹിക സേവനം, സീറോ എഫ്‌ഐആര്‍; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വിശദീകരിച്ച് അമിത് ഷാ 

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ, ലോകത്തെ ഏറ്റവും പരിഷ്‌കരിച്ച ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
നരേന്ദ്രമോദിക്കൊപ്പം അമിത് ഷാ, ഫയൽ
നരേന്ദ്രമോദിക്കൊപ്പം അമിത് ഷാ, ഫയൽ

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ, ലോകത്തെ ഏറ്റവും പരിഷ്‌കരിച്ച ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് രാജ്യം മുക്തി നേടുന്ന സാഹചര്യത്തിനാണ് ഈ പുതിയ നിയമങ്ങള്‍ വഴിയൊരുക്കിയത്. സമയത്ത് നീതി ലഭിക്കുക എന്ന 130 കോടി ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് വേണ്ടി സാന്ത്വന ഭട്ടാചാര്യയും രാജേഷ് കുമാര്‍ താക്കൂറും നടത്തിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ പൂര്‍ണ ആത്മവിശ്വാസത്തോടെ തനിക്ക് പറയാന്‍ കഴിയും, രാജ്യത്ത് ഏത് ഭാഗത്തും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷത്തിനകം നീതി ഉറപ്പാക്കാന്‍ ഈ മൂന്ന് നിയമങ്ങള്‍ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ക്രിമിനല്‍ നീതിനിര്‍വഹണരംഗത്ത് പുതിയ യുഗത്തിനാണ് ഇത് തുടക്കം കുറിച്ചത്. നീതിയാണ് ഈ നിയമങ്ങളുടെ ആത്മാവ്. ഇരയ്ക്കും പ്രതിക്കും നീതിനിര്‍വഹണ രംഗത്ത് യുക്തിസഹമായി ഇടപെടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതാണ് ഈ മൂന്ന് നിയമങ്ങള്‍. ആരെയെങ്കിലും ശിക്ഷിക്കുക എന്നതിനല്ല, ഈ മൂന്ന് നിയമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പകരം എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

പെറ്റിക്കേസുകളില്‍ സാമൂഹിക സേവനം

5,000 രൂപയില്‍ താഴെയുള്ള മോഷണ കുറ്റങ്ങള്‍ക്ക് ശിക്ഷയായി സാമൂഹിക സേവനമാണ് നിര്‍ദേശിക്കുന്നത്. ഈ നിയമങ്ങള്‍ നീതി കേന്ദ്രീകൃതമായാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആറ് കാര്യങ്ങളില്‍ ജയിലില്‍ നിന്ന് മോചിതരാകാന്‍ അവസരം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നിര്‍ബന്ധം മൂലമോ അബദ്ധത്തിലോ പെറ്റിക്കേസുകളില്‍ പെടുന്നവര്‍ക്ക് സാമൂഹിക സേവനം നടത്തി സ്വയം മെച്ചപ്പെടാനുള്ള അവസരം ലഭിക്കും. പെറ്റി കേസുകള്‍ക്ക് ഇപ്പോള്‍ സമ്മറി ട്രയല്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ ഒരു മജിസ്ട്രേറ്റിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. നേരത്തെ, അറസ്റ്റിനെ കുറിച്ച് വീട്ടുകാരെ അറിയിക്കാതെ പൊലീസ് പലപ്പോഴും ആളുകളെ കൂട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വെയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന ഒരു രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. ഈ രജിസ്റ്ററില്‍ എത്ര പേര്‍ കസ്റ്റഡിയിലുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണം. 24 മണിക്കൂറിനകം ഇവരെ കോടതിയില്‍ ഹാജരാക്കണം. നേരത്തെ, വീഡിയോഗ്രാഫി ഇല്ലാതെ പൊലീസിന് തിരച്ചിലും പിടിച്ചെടുക്കലും നടത്താമായിരുന്നു. ഇപ്പോള്‍ എല്ലാ തിരച്ചിലിനും പിടിച്ചെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ട് നിഷ്പക്ഷ സാക്ഷികളുടെ സാന്നിധ്യത്തില്‍ വീഡിയോഗ്രാഫി നിര്‍ബന്ധമാക്കിയിരിക്കുന്നതായും അമിത് ഷാ പറഞ്ഞു.

സീറോ എഫ്‌ഐആര്‍

നേരത്തെ ഇരകളുടെ പരാതികളില്‍ ചിലപ്പോഴെങ്കിലും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് സീറോ എഫ്ഐആര്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇരയ്ക്ക് എഫ്ഐആറിന്റെ സൗജന്യ പകര്‍പ്പ് നേടാനുള്ള അവകാശം നിയമം അനുശാസിക്കുന്നു. ഇരകള്‍ പരാതി നല്‍കിയതിന് ശേഷം മറുപടി നല്‍കേണ്ടതും അതിനുശേഷം 90 ദിവസത്തിനകം അവര്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതുമാണ്. കൂടാതെ രണ്ടാഴ്ചയിലൊരിക്കല്‍ എസ്എംഎസ് മുഖേനയോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയ രീതികളിലൂടെയോ വിചാരണയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ, ഒരു കേസ് പിന്‍വലിക്കാന്‍ ഇരയുടെ സമ്മതം ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ അത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗുകള്‍ കോടതിയില്‍ ഹാജരാക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാക്ഷികള്‍, പ്രതികള്‍, വിദഗ്ധര്‍, ഇരകള്‍ എന്നിവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം.  ലൈംഗികാതിക്രമ കേസുകളില്‍ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കുകയും ആദ്യ ഹിയറിംഗിന്റെ 60 ദിവസത്തിനുള്ളില്‍ കുറ്റം ചുമത്തുകയും ചെയ്യുക എന്നതാണ് നിയമത്തിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. ക്രിമിനല്‍ കേസുകളില്‍ വാദം കേട്ട് 45 ദിവസത്തിനകം വിധി പുറപ്പെടുവിക്കണമെന്ന് നിയമം പറയുന്നതായും അമിത് ഷാ പറഞ്ഞു.

പൊലീസ് രാജ്?

നിലവില്‍ പൊലീസ് റെയ്ഡ് നടത്തുമ്പോഴോ തിരച്ചില്‍ നടത്തുമ്പോഴോ പിടിച്ചെടുക്കുമ്പോഴോ ഒരു വീഡിയോഗ്രാഫിയും ചെയ്യുന്നില്ല. ഇനി അത് നിര്‍ബന്ധമാക്കും. വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രാഥമിക അന്വേഷണത്തിന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ഇത് നടത്തേണ്ടിവരും. നിലവില്‍ പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍, അത് അറസ്റ്റിലായ വ്യക്തിയുടെ കുടുംബത്തെ അറിയിക്കേണ്ടതില്ല. ഇനി ഓരോ പൊലീസ് സ്റ്റേഷനിലും രജിസ്റ്ററുകള്‍ സൂക്ഷിക്കുകയും വിവരങ്ങള്‍ ലഭ്യമാക്കുകയും വേണം. പുതിയ നിയമമനുസരിച്ച്, 24 മണിക്കൂറിനുള്ളില്‍ അറസ്റ്റിലായ വ്യക്തിയെ മജിസ്ട്രേറ്റിന്റെ മുമ്പായോ കോടതിയിലോ ഹാജരാക്കിയില്ലെങ്കില്‍, പൊലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനല്‍ കുറ്റത്തിന് ബാധ്യസ്ഥനാകും. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമ്പോള്‍, ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വര്‍ഷങ്ങളെടുക്കുമായിരുന്നു. അത്തരം അനുമതി 180 ദിവസത്തിനുള്ളില്‍ വന്നില്ലെങ്കില്‍, തുടര്‍ന്ന് അനുമതി ലഭിച്ചതായി കണക്കാക്കി മുന്നോട്ടുപോകാം. മൊത്തത്തില്‍, പൊലീസിന്റെ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും ഏകപക്ഷീയമായ പൊലീസ് അധികാരം വെട്ടിക്കുറയ്ക്കുന്നതിനുമായി 20 വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് അധികാരികളുടെ അഭാവം മുതലെടുത്ത് കുറ്റവാളികള്‍ രക്ഷപ്പെടുന്നിടത്ത് പൊലീസിന് പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഭീകരപ്രവര്‍ത്തനം

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ അല്ലെങ്കില്‍ സാമ്പത്തിക ഭദ്രത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ ഇപ്പോള്‍ ഭീകരതയായി തരംതിരിച്ചിട്ടുണ്ട്. വധശിക്ഷയോ ജീവപര്യന്തമോ ഉള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com