പൂജകള്‍ക്ക് ശേഷമെ കണ്ണുകളുടെ കെട്ടഴിക്കാന്‍ പാടുള്ളൂ; രാംലല്ലയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് അന്വേഷിക്കണം; ആചാര്യ സത്യേന്ദ്രദാസ്

ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന രാംലല്ലയുടെ വിഗ്രഹം കണ്ണുകള്‍ മൂടിയ നിലയിലാണ്. പ്രതിഷ്ഠാദിനച്ചടങ്ങിന് മുന്നോടിയായി കണ്ണുകള്‍ തുറന്ന നിലയില്‍ വിഗ്രഹം കാണിക്കുന്നത് ശരിയല്ല.
ആചാര്യ സത്യേന്ദ്രദാസ്
ആചാര്യ സത്യേന്ദ്രദാസ്

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ മുന്നോടിയായി രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷപ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷമേ കണ്ണുകളുടെ കെട്ടഴിക്കാന്‍ പാടൂള്ളൂ. എന്നാല്‍ കണ്ണുകളുടെ കെട്ടഴിച്ചുള്ള വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരാണെന്നത് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ടാണ്  ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്തുവന്നത്. 

'ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന രാംലല്ലയുടെ വിഗ്രഹം കണ്ണുകള്‍ മൂടിയ നിലയിലാണ്. പ്രതിഷ്ഠാദിനച്ചടങ്ങിന് മുന്നോടിയായി കണ്ണുകള്‍ തുറന്ന നിലയില്‍ വിഗ്രഹം കാണിക്കുന്നത് ശരിയല്ല.  പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷമേ ഈ കെട്ടഴിക്കാന്‍ പാടുള്ളു. അങ്ങനെയൊരു ചിത്രം പുറത്തുവന്നെങ്കില്‍ ആരാണ് അത് ചെയ്തതെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതിഷ്ഠയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിന്ന് രാം ലല്ലയുടെ ഫോട്ടോ ചോര്‍ന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ട്. രാം ലല്ലയുടെ ഫോട്ടോ ചോര്‍ന്നതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്നാണ് ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെയും നിലപാട്. 

ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ 'രാം ലല്ല' വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.

പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യയജമാനനാകുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രതിഷ്ഠാദിനത്തില്‍ രാവിലെ സരയൂ നദിയില്‍ സ്‌നാനം ചെയ്ത ശേഷം രാംപഥിലൂടെയും ഭക്തിപഥിലൂടെയും ക്ഷേത്രത്തിലേക്കു നടക്കും. രണ്ടു കിലോമീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com