'കേന്ദ്രസര്‍ക്കാര്‍ അവധി അരദിവസം, കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കുന്നത് ഒരു ദിവസം';  ഹിമാചലില്‍ നാളെ പൊതു അവധി

ഇതാദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രം/ പിടിഐ
അയോധ്യയിലെ ശ്രീരാമക്ഷേത്രം/ പിടിഐ

ഷിംല: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി നാളെ ഹിമാചലില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നത്. ഇതോടെ രാജ്യത്ത് അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ എണ്ണം പതിനാറായി.

'ശ്രീരാമന്‍ ഒരു  പാര്‍ട്ടിയുടെയും ആളല്ല. അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാ ഓഫീസുകള്‍ പകുതി ദിവസം അവധി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുദിവസത്തെ മുഴുവന്‍ അവധിയാണ് പ്രഖ്യാപിച്ചത്' മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ പൂര്‍ണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി.

കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.അതിഥികള്‍ രാവിലെ മുന്‍പായി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

11.30 മുതല്‍ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. നൂറുക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്.

വിഗ്രഹത്തിന്റെ ചിത്രം പുറത്തായതില്‍ അന്വേഷണംപ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com