പൗരത്വ നിയമം ഒരാഴ്ചയ്ക്കകം; ചര്‍ച്ചയായി കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം

എല്ലാ സംസ്ഥാനത്തും നിയമം നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി പറ‍ഞ്ഞു
കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍
കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍ഫെയ്‌സ്ബുക്ക് ചിത്രം

ന്യൂഡൽഹി: ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പാര്‍ഗാനാസില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

"അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠ കഴിഞ്ഞു. ഇനി അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത് സിഎഎ നടപ്പിലാകും. ഇത് എന്‍റെ ഉറപ്പാണ്. പശ്ചിമബം​ഗാളിൽ മാത്രമല്ല, രാജ്യത്ത് എല്ലാ സംസ്ഥാനത്തും നിയമം നിലവിൽ വരും." ബോം​ഗോയിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ശന്തനു താക്കൂർ പറഞ്ഞു.

വോട്ടർ കാർഡും ആധാർ കാർഡും ഉണ്ടെങ്കിൽ നിങ്ങൾ പൗരനാണ്, നിങ്ങൾക്ക് വോട്ടുചെയ്യാം. എന്നാൽ ബം​ഗാളിൽ ആയിരക്കണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ വോട്ടവകാശം നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി മമത ബാനർജി മറുപടി പറയണമെന്നും ശന്തനു താക്കൂർ ആവശ്യപ്പെട്ടു.

വോട്ട് നിഷേധിക്കപ്പെട്ടവർ മാട്ടുവ സമുദായത്തിൽ നിന്നുള്ളവരും ബിജെപിയെ പിന്തുണയ്ക്കുന്നവരുമാണ്. ഇത് കൊണ്ടാണോ അവർക്ക് വോട്ടർ കാർഡ് നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. ശന്തനു താക്കൂറിന്റെ മണ്ഡലമായ ബോം​ഗോയിൽ മാട്ടുവ വിഭാ​ഗം പ്രബലമായ സമുദായമാണ്.

കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു; 19 പാക് പൗരന്മാരെ രക്ഷിച്ചു

2019ൽ പൗരത്വ ഭേദഗതി ബിൽ നിയമമായെങ്കിലും രാജ്യത്ത് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവില്‍ സിഎഎ ചട്ടങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സിഎഎ നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com