പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

സിഎഎ കാരണം ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
 സുപ്രീംകോടതി
സുപ്രീംകോടതിഫയല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പൗരത്വം നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നം​ഗ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഇരുന്നൂറിലേറെ ഹര്‍ജികള്‍ ഉള്ളതിനാല്‍ മറുപടി തയ്യാറാക്കുന്നതിനായി നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. സിഎഎ കാരണം ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നതുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎഎയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിഎഎയും എന്‍ആര്‍സിയും രണ്ടും രണ്ടാണ്. സിഎഎയ്ക്ക് എന്‍ആര്‍സിയുമായി ബന്ധമില്ല. എന്‍ആര്‍സി സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൗരത്വം ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഉത്തരവ് വരുന്നതു വരെ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

നാലുവര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം വിജ്ഞാപനം ചെയ്തതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. അതിനാല്‍ വിജ്ഞാപനം സ്റ്റേ ചെയ്തുകൊണ്ട് കേസില്‍ വാദം കേള്‍ക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങളുണ്ടെന്നും, ഇതിനായി കമ്മിറ്റികളൊന്നും രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചു.

 സുപ്രീംകോടതി
രാജ്യം മാറ്റം ആഗ്രഹിക്കുന്നു; 'മോദിയുടെ ഗ്യാരണ്ടി' പാഴാകും; 2004 ആവര്‍ത്തിക്കുമെന്ന് ഖാര്‍ഗെ

മൂന്നു തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൗരത്വം അനുവദിക്കാനാകൂ എന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജികളില്‍ ഏപ്രില്‍ എട്ടിനകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 9 ന് സ്റ്റേ വേണമെന്ന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com