'പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'; കെജരിവാളിന്റെ അറസ്റ്റിൽ രാഹുൽ ​ഗാന്ധി

സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും നാണംകെട്ട സംഭവങ്ങള്‍ കണ്ടിട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി
രാഹുൽ ​ഗാന്ധി,
രാഹുൽ ​ഗാന്ധി, ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ ഇപ്പോഴും പേടിക്കുന്നുവെന്നും അതിനാൽ എല്ലാ നിയമവിരുദ്ധ മാർ​ഗങ്ങളിലൂടെയും പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ​ഖാര്‍ഗെ പ്രതികരിച്ചു.

അതേസമയം പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും കോൺ​ഗ്രസ് നേതാവ് രാ​ഹുൽ​ഗാന്ധി പ്രതികരിച്ചു. 'പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക ഇതൊന്നും പോരാത്തതിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും'- രാഹുല്‍ ഗാന്ധി എക്സില്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹി മുഖ്യമന്ത്രിയെ ഈ രീതിയില്‍ ലക്ഷ്യമിടുന്നത് ഭരണഘടനാവിരുദ്ധമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും നാണംകെട്ട സംഭവങ്ങള്‍ കണ്ടിട്ടില്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. 'രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ നല്ലതല്ല. രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുന്നുവെന്നും'-പ്രിയങ്ക കൂട്ടിച്ചേർത്തു.

ജനരോഷം നേരിടാന്‍ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതികരിച്ചു. കെജരിവാളിന്റെ അറസ്റ്റ് പുത്തന്‍ ജനകീയ വിപ്ലവത്തിന് ജന്മം നല്‍കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. തോല്‍വി ഭയത്താല്‍ സ്വയം തടവറയിലായവര്‍ മറ്റൊരാളെ ജയിലിലടച്ച് എന്ത് ചെയ്യും. ഇനി അധികാരത്തില്‍ വരില്ലെന്ന് ബിജെപിക്ക് അറിയാം. ഈ ഭയം കാരണം അവര്‍ പ്രതിപക്ഷ നേതാക്കളെ പൊതുജനമധ്യത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡല്‍ഹിയില്‍ ഇന്ന് രാവിലെ 10 മുതല്‍ എഎപിയുടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി ആസ്ഥാനത്തേക്കും പ്രതിഷേധം ഉണ്ടാകും. അതിനിടെ കെജവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com