ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലുപേരുടെ മൊഴി മതിയോ?, തെളിവ് എവിടെ?, കോടതിയില്‍ സ്വയം വാദിച്ച് കെജരിവാള്‍

വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു
അരവിന്ദ് കെജരിവാള്‍ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്
അരവിന്ദ് കെജരിവാള്‍ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്പിടിഐ

ന്യൂഡല്‍ഹി: വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്ന് അരവിന്ദ് കെജരിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബിജെപിക്ക് 50 കോടി നല്‍കി എന്നത് പുറത്തുവന്നിരുന്നു. ഇവരെല്ലാം ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുകയായിരുന്നു എന്നതിന് തന്റെ കൈയില്‍ തെളിവുണ്ട്. തനിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നാലു സാക്ഷികളെയും നിര്‍ബന്ധിച്ചതായും കെജരിവാള്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജരിവാള്‍ തന്നെയാണ് ഡല്‍ഹി കോടതി മുന്‍പാകെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്.

ആയിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രത്തില്‍ തന്റെ പേര് നാലുതവണ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ പേരായി നല്‍കിയിരിക്കുന്നത് സി അരവിന്ദ് എന്നാണ്. സി അരവിന്ദ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സെക്രട്ടറിയായിരുന്നു. തന്റെ അറസ്റ്റിനുശേഷം കൈക്കൂലിയായി വാങ്ങിയെന്ന് ആരോപിക്കുന്ന 100 കോടി രൂപയില്‍ ഒരു രൂപ പോലും ഇഡി കണ്ടെടുത്തിട്ടില്ല. ഒരു കോടതിയും താന്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുമില്ല. 'എന്നെ അറസ്റ്റ് ചെയ്തു. പക്ഷേ ഒരു കോടതിയും ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സിബിഐ 31,000 പേജുകളും ഇഡി 25,000 പേജുകളുമുള്ള കുറ്റപത്രം ഫയല്‍ ചെയ്തു. അവ ഒരുമിച്ച് വായിച്ചാലും, ചോദ്യം അവശേഷിക്കുന്നു, എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?' -കെജരിവാള്‍ കോടതിയില്‍ പറഞ്ഞു.

രാജ്യത്തിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ അഴിമതിക്കാരാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എഎപിയെ തകര്‍ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. കേസില്‍ ഇഡി അന്വേഷണം നേരിടാന്‍ തയ്യാറാണ്. ഇഡിയുടെ റിമാന്‍ഡ് അപേക്ഷയെ എതിര്‍ക്കുന്നില്ല. എത്രനാള്‍ വേണമെങ്കിലും ഇഡിക്ക് തന്നെ കസ്റ്റഡിയില്‍ വെയ്ക്കാം. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നും കെജരിവാള്‍ വാദിച്ചു.

ഗ്യാലറിക്ക് വേണ്ടിയാണ് കെജരിവാള്‍ കളിക്കുന്നത് എന്നതായിരുന്നു ഇഡിയുടെ മറുപടി. 'ഇഡിയുടെ പക്കല്‍ എത്ര രേഖകളുണ്ടെന്ന് അയാള്‍ക്ക് എങ്ങനെ അറിയാം? ഇതെല്ലാം അദ്ദേഹത്തിന്റെ ഭാവനയുടെ സൃഷ്ടിയാണ് '- ഇഡിക്ക് വേണ്ടി ഹാജാരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എഎപിക്ക് കിട്ടിയ കൈക്കൂലി പണം ഗോവ തെരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിച്ചു. വ്യക്തമായ ഒരു ശൃംഖലയുണ്ട് ഇതിന് പിന്നില്‍. ഹവാല വഴി പണം വന്നതായി മൊഴികളും രേഖകളും ഞങ്ങളുടെ പക്കലുണ്ട്. കെജരിവാള്‍ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനും ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്'- എസ് വി രാജു കോടതിയില്‍ പറഞ്ഞു.

അരവിന്ദ് കെജരിവാള്‍ കോടതിയിൽ നിന്ന് പുറത്തേയ്ക്ക്
'ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com